‘പുസ്തകമുത്തശ്ശി’ 14 മുതല്‍ 94 വയസിനിടെ വായിച്ചത് 1658 പുസ്തകങ്ങള്‍

വായനയ്ക്ക് അത്ര വലിയ പ്രധാന്യമാണുള്ളത്. വായനയെക്കുറിച്ച് മലയാളികള്‍ എപ്പോഴും പറയുന്ന കവിതയുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ആ വരികള്‍ ഇങ്ങനെയാണ്
വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

അടുത്തിടെ ട്വിറ്ററില്‍ പങ്കുവച്ച ഒരു കുറിപ്പ് ലോകമെമ്പാടുമുള്ള പുസ്തകപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി. വായന മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആശങ്കപ്പെടുന്ന കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള പോസ്റ്റ് പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടാത്തവരെയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. തൊട്ടുമുമ്പിലെ തലമുറ പുസ്തകങ്ങള്‍ക്കും വായനയ്ക്കും കൊടുത്ത പ്രാധാന്യം പുതുതലമുറ കൊടുക്കുന്നില്ലെന്നാണു പരക്കെയുള്ള അഭിപ്രായം. കോളജുകളിലും സ്‌കൂളുകളിലും പഠിപ്പിക്കുന്ന അധ്യാപകര്‍ ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പുസ്തകങ്ങള്‍, എന്തിനു ദിനപ്പത്രങ്ങള്‍ പോലും വായിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് അധ്യാപകരുടെ ഭാഷ്യം.

തന്റെ മുത്തശ്ശി 14ാം വയസു മുതല്‍ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് കൊച്ചുമകന്‍. ബെന്‍ മയേഴ്‌സ് എന്ന യുവാവാണ് ട്വിറ്ററില്‍ തന്റെ മുത്തശ്ശിയുടെ വായനാലോകം പരിചയപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേണ്‍ നഗരത്തിലാണ് മയേഴ്‌സ് താമസിക്കുന്നത്. അല്‍ഫാക്രൂസിസ് യൂണിവേഴ്‌സിറ്റി കോളജിലെ തിയോളജിലിറ്റേച്ചര്‍ വിഭാഗം ഡയറക്ടര്‍ കൂടിയാണ് മയേഴ്‌സ്. ‘ 94 വയസുള്ള എന്റെ മുത്തശ്ശി 14 വയസു മുതല്‍ താന്‍ വായിച്ച എല്ലാ പുസ്തകങ്ങളുടെയും ഒരു ലിസ്റ്റ് സൂക്ഷിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടോളം നീണ്ട ഒരാളുടെ മനസിന്റെ അത്ഭുതകരമായ ചരിത്രരേഖാശേഖരണം’ എന്ന തലക്കെട്ടോടെയാണ് മയേഴ്‌സ് തന്റെ മുത്തശിയുടെ വായനാലോകത്തെ പരിചയെപ്പെടുത്തുന്നത്.

ബെന്‍ മയേഴ്‌സിന്റെ ട്വീറ്റ് ഒറ്റ ദിവസം കൊണ്ട് 35 ലക്ഷത്തിലേറെ ആളുകളാണു കണ്ടത്. നൂറുകണക്കിന് പ്രതികരണങ്ങളും കമന്റുകളുമാണ് ട്വീറ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജര്‍മന്‍ സാഹിത്യമാണ് മുത്തശ്ശിയുടെ കൂടുതലായി വായിച്ചിട്ടുള്ളത്. ഹംഗേറിയന്‍ പുസ്തകങ്ങളും സെര്‍ബിയന്‍ പുസ്തകങ്ങളും അവര്‍ വായിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ട സമയത്താണ് മുത്തശ്ശി പുസ്തകങ്ങളുടെ ലോകത്തേക്കു പ്രവേശിക്കുന്നത്. യുഗോസ്ലാവിയയില്‍നിന്നുള്ള അഭയാര്‍ഥികുടുംബമായിരുന്നു മുത്തശ്ശിയുടേത്. ഓസ്‌ട്രേലിയയിലേക്കു കുടിയേറും മുമ്പ് ജര്‍മനിയില്‍ കഴിയുമ്പോള്‍ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റും മയേഴ്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജര്‍മന്‍ ഭാഷയിലുള്ള പരിജ്ഞാനം വര്‍ധിപ്പിക്കാനാണ് മത്തശ്ശി ജര്‍മന്‍ പുസ്തകങ്ങള്‍ കൂടുതലായി വായിച്ചത്.

ഇന്ത്യന്‍ തത്വചിന്തകനായ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ പുസ്തകവും വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ദസ്തയേവ്‌സ്‌കി, ഗോയ്‌ഥെ തുടങ്ങിയവരുടെ പുസ്തകങ്ങളും വായിച്ചവയില്‍പ്പെടുന്നു. മുത്തശ്ശിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എന്ന ചോദ്യത്തിന്, ഒരു കാലഘട്ടം വരെ ഗോയ്‌ഥെ ആയിരുന്നു മുത്തശ്ശിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എന്ന മയേഴ്‌സ് പറയുന്നു.

വായനയുടെ മഹത്തായ 80 വര്‍ഷത്തിനിടെ 1658 പുസ്തകങ്ങള്‍ വായിച്ചതായാണ് മുത്തശ്ശി പറഞ്ഞിട്ടുള്ളത്. 14 ദിവസത്തില്‍ ഒരു പുസ്തകം എന്ന കണക്കിലായിരുന്നു വായന എന്നു മനസിലാക്കാം. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ജനിച്ച നാടും വിട്ട് ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ അഭയാര്‍ഥിയായി കഴിഞ്ഞ് പിന്നീട് ഓസ്‌ട്രേലിയയില്‍ എത്തിയ വൃദ്ധയുടെ വായനാലോകം അദ്ഭുതപ്പെടുത്തുന്നതായി.

പുസ്തകങ്ങള്‍ നല്ല കൂട്ടുകാരാണ് അവര്‍ നിങ്ങളോടു സംസാരിച്ചുകൊണ്ടിരിക്കും. പലായനത്തിന്റെയും അതിജീവനത്തിന്റെയും കാലത്ത് ആ സ്ത്രീയെ സര്‍ഗസമ്പന്നയാക്കിയതും മുന്നോട്ടുള്ള പാതകളില്‍ വെളിച്ചം പകര്‍ന്നതും പുസ്തകങ്ങളില്‍നിന്ന് ഗ്രന്ഥങ്ങളില്‍നിന്ന് സ്വായത്തമാക്കിയ ജ്ഞനമാണ്. വിഖ്യാത ഫ്രഞ്ച് തത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ റെനെ ഡെകാര്‍ട്ട്‌സ് വായനയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു ‘എല്ലാ നല്ല പുസ്തകങ്ങളുടെയും വായന കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഏറ്റവും മികച്ച മനസുകളുമായുള്ള സംഭാഷണം പോലെയാണ്…’