കൈറോ: യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങിയ അഭയാര്‍ഥി ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 20 പേര്‍ക്ക് ദാരുണാന്ത്യം. ലിബിയയില്‍ നിന്നുതന്നെ 124 അഭയാര്‍ഥികളുമായി പുറപ്പെട്ട മറ്റൊരു ബോട്ട് കടലില്‍ മുങ്ങി 74 പേര്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് രണ്ടാമത്തെ ദുരന്തവുമുണ്ടായത്. ലിബിയയിലെ സോര്‍മാനില്‍നിന്ന് പുറപ്പെട്ടതായിരുന്നു ബോട്ട്. നിരവധി സ്ത്രീകളും കുട്ടികളും ദുരന്തത്തില്‍ പെട്ടിട്ടുണ്ട്.
അതേസമയം, അപകടനിലയിലായ ബോട്ടില്‍നിന്ന് നിരന്തരം സഹായ അഭ്യര്‍ഥന ഉണ്ടായിട്ടും യൂറോപ്യന്‍ യൂനിയന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ അവഗണിച്ചതായി മെഡിറ്ററേനിയന്‍ കടലില്‍ ഇത്തരം രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന സന്നദ്ധ സംഘടന ആരോപിച്ചു. ”ബോട്ടില്‍നിന്ന് ഞങ്ങള്‍ക്ക് ഒട്ടേറെ തവണ സന്ദേശം വന്നു. ഇതു ഞങ്ങള്‍ ഇ.യു അധികൃതര്‍ക്ക് കൈമാറി, നിരന്തരം അഭ്യര്‍ഥിച്ചിട്ടും അവര്‍ ചെവികൊണ്ടില്ല. അവര്‍ ആ അഭയാര്‍ഥികളെ മുങ്ങിമരിക്കാന്‍ വിടുകയായിരുന്നു”-സംഘടന വക്താവ് പറഞ്ഞു.