ചന്ദ്രനിലും മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍; നോക്കിയയെ തിരഞ്ഞെടുത്ത് നാസ

nasa and nokia

ന്യൂയോര്‍ക്ക്: ചന്ദ്രനിലും മുടക്കമില്ലാതെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ലഭ്യമാക്കാന്‍ പദ്ധതിയുമായി നാസ. പദ്ധതിയുടെ ഭാഗമായി ചന്ദ്രനില്‍ 4ജി നെറ്റ്വര്‍ക്ക് ഒരുക്കാന്‍ നോക്കിയയെ തിരഞ്ഞെടുത്തിരിക്കുകയാണ് നാസ. 2022ഓടെ ചന്ദ്രോപരിതലത്തില്‍ ആദ്യ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് കമ്യൂനിക്കേഷന്‍സ് സിസ്റ്റം ഒരുക്കുമെന്ന് നോക്കിയ അറിയിച്ചു.ടെക്സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബഹിരാകാശ വാഹന രൂപകല്പന കമ്ബനിയായ ഇന്‍ഷ്യൂറ്റീവ് മെഷീന്‍സുമായി സഹകരിച്ചാണ് നോക്കിയയുടെ പദ്ധതി.ചന്ദ്രനില്‍ ആദ്യ ഘട്ടത്തില്‍ 4ജി നെറ്റ്വര്‍ക്കാണ് സ്ഥാപിക്കുക. പിന്നീടിത് 5ജിയാക്കും. ചന്ദ്രനിലെത്തുന്ന ബഹിരാകാശ യാത്രികര്‍ക്ക് വോയ്സ്, വീഡിയോ ആശയവിനിമയം സാധ്യമാക്കുന്നതിനോടൊപ്പം ടെലിമെട്രി, ബയോമെട്രിക് വിവര കൈമാറ്റത്തിനും സാധിക്കും.

ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസമൊരുങ്ങുമ്പോള്‍ തടസ്സമില്ലാത്ത മൊബൈല്‍ സിഗ്‌നല്‍ ലഭിക്കാനാണിത്. ചന്ദ്രനില്‍ ദീര്‍ഘകാലം താമസിക്കുന്നതിനായി 2024ഓടെ മനുഷ്യരെ അവിടെയെത്തിക്കാനാണ് നാസയുടെ ലക്ഷ്യം.