മോദി സര്‍ക്കാര്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് യുഎന്നില്‍ ഇംറാന്‍ ഖാന്‍; ഇതിന് പിന്നില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം

IMRAN KHAN IN UN

ഇസ്ലാമാബാദ്: ബിജെപി സര്‍ക്കാരിന്റെ നിലപാടുകളെ യുഎന്നിലെ പൊതുസഭയില്‍ തുറന്നെതിര്‍ത്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ ഇസ്ലാം വിരുദ്ധത വളര്‍ത്തുകയാണെന്നു ഇംറാന്‍ ഖാന്‍ ആരോപിച്ചു. പൊതുസഭയില്‍ വെള്ളിയാഴ്ച്ച നടത്തിയ അഭിസംബോധനയിലാണ് ഇംറാന്‍ ഖാന്‍ മോദി സര്‍ക്കാരിന്റെ നീക്കങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ഉണ്ടെന്നും 20 കോടി മുസ്ലിംകള്‍ ഭീഷണിയിലാണെന്നും ഇംറാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് സമ്മേളനം നടക്കുന്നത്.

ഇന്ത്യയില്‍ സര്‍ക്കാര്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നു. രാജ്യത്തെ നിയന്ത്രിക്കുന്ന ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമാണ് ഇതിന് പിന്നില്‍- ഇംറാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്നും മറ്റുള്ളവര്‍ തുല്യ പൗരന്മാരല്ലെന്നും അവര്‍ കരുതുന്നു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നിലപാടിനെയും പാകിസ്താന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു. ജമ്മു കശ്മീരിലെ പ്രശ്നം പരിഹരിക്കുന്നതുവരെ ദക്ഷിണേഷ്യയില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകില്ലെന്നും ഇംറാന്‍ ഖാന്‍ വ്യക്തമാക്കി. ഇതിനു സമാധാനപരമായ പരിഹാരം കാണണമെന്നും ആഗസ്ത 5 ലെ നീക്കം റദ്ദാക്കണമെന്നും ഇംറാന്‍ ഖാന്‍ ആവശ്യപ്പെട്ടു.