കീവ്: യുക്രെയ്ന്‍-റഷ്യ കനത്ത പോരാട്ടം നടക്കുന്ന ബാക്മുത് നഗരത്തില്‍ ഇതുവരെ ഇരുപതിനായിരത്തലധികം റഷ്യന്‍ സൈനികര്‍ മരണമടഞ്ഞതായി യുഎസ്. എണ്‍പതിനായിരത്തിലധികം പേര്‍ക്കു പരിക്കുപറ്റിയതായും യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. കൊല്ലപ്പെട്ടവരിലേറെയും റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പില്‍പ്പെട്ടവരാണെന്നും യുഎസ് വെളിപ്പെടുത്തുന്നു.
അതേസമയം, യുക്രെയ്‌നു സംഭവിച്ച നഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് യുഎസ് പുറത്തുവിട്ടിട്ടില്ല.
ബഖ്മുത്ത് വഴി ഡോണ്‍ബാസില്‍ ആക്രമണം നടത്താനുള്ള റഷ്യയുടെ ശ്രമം പരാജയപ്പെട്ടെന്നും കിര്‍ബി വെളിപ്പെടുത്തി. ബാക്മുത്തില്‍ ദിവസേന കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. വാഗ്നര്‍ ഗ്രൂപ്പ് ആയുധക്ഷാമം നേരിടുകയാണ്. ആയുധങ്ങള്‍ ലഭിച്ചില്ലെങ്കില്‍ യുദ്ധമുഖത്തു നിന്നു പിന്മാറേണ്ടി വരുമെന്ന് വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്‌ജെനി പ്രിഗോഷിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഓരോ ദിവസവും ആയിരക്കണക്കിനു മൃതദേഹങ്ങളാണ് ശവപ്പെട്ടിയിലാക്കി നാട്ടിലേക്ക് അയയ്ക്കുന്നത്. എത്രയും വേഗം ആയുധങ്ങള്‍ എത്തിച്ചുതരണമെന്ന് പ്രിഗോഷിന്‍ റഷ്യയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.