”ഭ്രാന്തന്‍ ട്രംപേ; എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതണ്ട”- പ്രതികാര മുന്നറിയിപ്പുമായി ഖാസിം സുലൈമാനിയുടെ മകള്‍

Qassem Soleimani daughter zeinab

തെഹ്‌റാന്‍: ഇറാന്റെ ഏറ്റവും ശക്തനായ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവര്‍ തെഹ്‌റാന്‍ നഗരത്തെ ജനസാഗരമാക്കി. പുലര്‍ച്ചെയുള്ള കൊടും തണുപ്പിനെ വകവയ്ക്കാതെയാണ് സ്ത്രീകള്‍ അടക്കമുള്ള പതിനായിരങ്ങള്‍ ഒത്തൂകൂടിയത്. തെഹ്‌റാന്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പെടെയുള്ളവര്‍ വിതുമ്പിക്കരഞ്ഞു.

ചടങ്ങില്‍ സുലൈമാനിയുടെ മകള്‍ സൈനബ് നടത്തിയ പ്രസംഗം ജനക്കൂട്ടത്തെ വികാരഭരിതരാക്കി. തന്റെ പിതാവിന്റെ കൊലയില്‍ അമേരിക്കയെയും ഇസ്രായേലിനെയും കാത്തിരിക്കുന്നത് കറുത്ത ദിനങ്ങളാണെന്ന് അവര്‍ പറഞ്ഞു.

”ഭ്രാന്തന്‍ ട്രംപേ, എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്. മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനികരുടെ കുടുംബങ്ങള്‍ തങ്ങളുടെ മക്കളുടെ മരണവാര്‍ത്തയ്ക്കായി കാത്തിരുന്നുകൊള്ളുക”-കടല്‍പോലെ പരുന്നുകിടന്ന ജനക്കൂട്ടത്തിന്റെ ആര്‍പ്പുവിളികള്‍ക്കിടെ സൈനബ് മുന്നറിയിപ്പ് നല്‍കി.

രക്തസാക്ഷി സുലൈമാനിയുടെ അതേ പാതയില്‍ തങ്ങള്‍ മുന്നോട്ട് പോവുമെന്ന് ഖുദ്‌സ് ഫോഴ്‌സിന്റെ പുതിയ കമാന്‍ഡറായി അധികാരമേറ്റ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മാഈയ്ല്‍ ഖാനി പറഞ്ഞു. അമേരിക്കയെ മേഖലയില്‍ നിന്നു തുടച്ചുനീക്കുക മാത്രമാണ് സുലൈമാനിയുടെ രക്തസാക്ഷിത്വത്തിനുള്ള നഷ്ടപരിഹാരം- അദ്ദേഹം പ്രഖ്യാപിച്ചു.

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജറുസലേമിന്റെ രക്തസാക്ഷിയാണ് സുലൈമാനിയെന്ന് ഹനിയ്യ പ്രഖ്യാപിച്ചു.

അഹ്വാസ, മശ്അദ് നഗരങ്ങളില്‍ നടന്ന അന്ത്യോപചാര ചടങ്ങുകള്‍ക്കു ശേഷമാണ് സുലൈമാനിയുടെ ഭൗതിക ശരീരം തെഹ്‌റാന്‍ നഗരത്തിലെത്തിയത്. വിവിധ നഗരങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്കു ശേഷം ചൊവ്വാഴ്ച്ച പുണ്യനഗരമായ ഖുമ്മിലാണ് അദ്ദേഹത്തെ അടക്കം ചെയ്യുക.

Content Highlights: Mourners flood Tehran as calls for revenge over Soleimani grow