മുസ്‌ലിം മോഡലായ ഹലിമ അദെന്‍ ഫാഷന്‍ ലോകം ഉപേക്ഷിച്ചു

Halima Aden

സെയിന്റ് ക്ലൗഡ്, മിനിസോട്ട: ഫാഷന്‍ ലോകം ഉപേക്ഷിക്കുന്നതായി പ്രമുഖ സൊമാലിയന്‍-അമേരിക്കന്‍ മുസ്ലിം മോഡലായ ഹലിമ അദെന്‍. ഫാഷന്‍ ലോകത്ത് തനിക്ക് അടുപ്പമുണ്ടായിരുന്നവരുമായുള്ള ബന്ധം നഷ്ടമായതായി തോന്നുന്നുവെന്നും തന്റെ മതവിശ്വാസത്തില്‍ വിട്ടു വീഴ്ച ചെയ്യാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും ഹലിമ വ്യക്തമാക്കി. ഫാഷന്‍ ലോകത്ത് ചുറ്റുമുള്ളവരുമായി പൊരുത്തപ്പെടാന്‍ താന്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിച്ചുവെന്നും അവര്‍ പറഞ്ഞു. ഇനി മുതല്‍ സ്വന്തം നിലയിലുള്ള ബുക്കിങ്ങുകള്‍ മാത്രമേ സ്വീകരിക്കൂവെന്നും 23 കാരിയായ ഹലിമ സോഷ്യല്‍ മീഡിയയിയൂടെ അറിയിച്ചു.

‘ഒരു കോടി ഡോളര്‍ തരാമെന്ന് പറഞ്ഞാല്‍ പോലും ഇനി ഞാന്‍ എന്റെ ഹിജാബിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. എന്റെ ഹിജാബിനെ പൂര്‍വ്വാധികം ശക്തിയോടെ ഞാന്‍ സംരക്ഷിക്കുകയാണ് ഇപ്പോള്‍.’ -ഹലിമ കുറിച്ചു. ‘അവസരത്തെ കുറിച്ച് മാത്രം ചിന്തിച്ചതിന് എന്നെ മാത്രമേ കുറ്റപ്പെടുത്താന്‍ കഴിയൂ. നിഷ്‌കളങ്കയും വിമതയുമായതിന് ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തുന്നു. വനിതാ സ്‌റ്റൈലിസ്റ്റുകളുടെ അഭാവമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.’ -ഹലിമ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കി.

കെനിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഹലിമ അദെന്‍ ജനിച്ചത്. ആറു വയസുള്ളപ്പോഴാണ് ഹലിമ അമേരിക്കയിലെ മിനിസോട്ട സംസ്ഥാനത്തെ സെയിന്റ് ക്ലൗഡിലേക്ക് താമസം മാറ്റുന്നത്. 2016 ല്‍ മിസ് മിനിസോട്ട യു.എസ്.എ മത്സരത്തില്‍ പങ്കെടുത്തതോടെയാണ് ഹലിമ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. മിസ് മിനിസോട്ട യു.എസ്.എ മത്സരത്തില്‍ ആദ്യമായി ബുര്‍ഖിനിയും ഹിജാബും ധരിച്ച് പങ്കെടുത്ത മോഡലായിരുന്നു ഹലീന അദെന്‍. ഫാഷന്‍ ലോകത്തെ ചാമ്പ്യന്‍ എന്ന് മുസ്ലിം സ്ത്രീ സമൂഹത്തിനിടയിലും ഫാഷന്‍ ലോകത്തും ഒരു പോലെ പ്രശംസ നേടിയ മോഡലാണ് ഹലിമ. സ്പോര്‍ട്സ് ഇലസ്ട്രേറ്റഡ്, ബ്രിട്ടീഷ് വോഗ് എന്നീ മാസികകളുടെ കവറില്‍ ഇടം പിടിച്ച ഹലിമ മാക്സ്മാര, യീസി എന്നീ ബ്രാന്‍ഡുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.