Friday, July 23, 2021
Home News International നെതന്യാഹു ഇസ്രായേൽ ഭരണത്തില്‍ നിന്നു പുറത്ത്; നഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

നെതന്യാഹു ഇസ്രായേൽ ഭരണത്തില്‍ നിന്നു പുറത്ത്; നഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജറൂസലം: ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ഭരണത്തില്‍ നിന്നു പുറത്ത്. നാല്‍പ്പത്തൊമ്ബതുകാരന്‍ നഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 120 അംഗ പാര്‍ലമെന്റില്‍ ദീര്‍ഘമായ ചര്‍ച്ചയ്ക്കു ശേഷം 59നെതിരേ 60 വോട്ടിനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം വിശ്വാസ വോട്ട് നേടിയത്. ഒരംഗം വിട്ടുനിന്നു. ഇരുപത്തേഴംഗ പുതിയ മന്ത്രിസഭയില്‍ ഒമ്ബതു പേര്‍ വനിതകളാണ്. യെഷ് അറ്റിഡ് പാര്‍ട്ടിയുടെ മിക്കി ലെവി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലെവിക്ക് 67 പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ കിട്ടി. എഴുപത്തൊന്നുകാരനായ നെതന്യാഹു ഇസ്രയേലില്‍ ഏറ്റവുമധികം കാലം ഭരിച്ച പ്രധാനമന്ത്രിയാണ്. പുതിയ സര്‍ക്കാരിനെ വൈകാതെ പുറത്താക്കുമെന്നും ലിക്വിഡ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു തുടരുമെന്നും പാര്‍ലമെന്റിലെ തന്റെ പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞു.

നെതന്യാഹു അനുകൂലികളുടെ തടസപ്പെടുത്തലുകള്‍ക്കിടയില്‍ പുതിയ പ്രധാനമന്ത്രി ബെന്നറ്റ് തന്റെ പുതിയ മന്ത്രിമാരെ പാര്‍ലമെന്റിനു പരിചയപ്പെടുത്തി. ഇറാനുമായുള്ള ആണവ കരാര്‍ പുനരാരംഭിക്കാനുള്ള യുഎസ് നീക്കത്തെ എതിര്‍ക്കുമെന്ന സൂചന നല്‍കിയ ബെന്നറ്റ്, ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു. നെതന്യാഹുവിന്റെ മുന്‍ സഖ്യകക്ഷി നേതാവായ ബെന്നറ്റ് എട്ടു പാര്‍ട്ടികളുടെ സഖ്യത്തെയാണു പുതിയ സര്‍ക്കാരിനായി നയിക്കുന്നത്.

Most Popular