Saturday, June 12, 2021
Home News International നാസയുടെ ദൗത്യം വിജയിക്കണമെങ്കില്‍ കപ്പലണ്ടി മസ്റ്റാണ്

നാസയുടെ ദൗത്യം വിജയിക്കണമെങ്കില്‍ കപ്പലണ്ടി മസ്റ്റാണ്

ഇന്ത്യയില്‍ നിന്നുള്ള മംഗള്‍യാന്‍ ചൊവ്വയിലേക്കു പുറപ്പെടും മുമ്പ് ദൗത്യത്തിന് മുന്നിലുള്ള വിഘ്‌നങ്ങളെല്ലാം നീങ്ങാന്‍ ചെറുനാരങ്ങ വച്ച കഥയുണ്ട്. അതിന് സമാനമാണ് അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് കപ്പലണ്ടിയുമായുള്ള ബന്ധം. നാസയുടെ പുതിയ ദൗത്യമായ പെഴ്‌സിവീയറന്‍സ് രണ്ടാഴ്ച മുന്‍പ് ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ വിജയകരമായി ഇറങ്ങിയതിനു പിന്നാലെ കപ്പലണ്ടിക്കഥ വീണ്ടും ചര്‍ച്ചയാകുകയാണ്. ദൗത്യവിജയത്തിനു പിന്നാലെ എന്‍ജിനീയര്‍മാര്‍ കപ്പലണ്ടിപ്പൊതിയുമായി എടുത്ത ഗ്രൂപ്പ് ഫോട്ടോ വൈറലായതോടെയാണ് ആളുകള്‍ നാസയും കപ്പലണ്ടിയും തമ്മിലെന്ത് ബന്ധം എന്ന് ചോദിച്ചുതുടങ്ങിയത്.

തങ്ങളുടെ ദൗത്യങ്ങള്‍ വിജയിക്കുന്നതിനു പിന്നില്‍ കപ്പലണ്ടിക്കും പങ്കുണ്ടെന്നാണ് നാസയിലെ എന്‍ജിനീയര്‍മാര്‍ വിശ്വസിക്കുന്നത്. നാസയുടെ ഈ കപ്പലണ്ടി ബന്ധത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ടത്രെ. 1964ലെ റേഞ്ചര്‍ 7 ദൗത്യം മുതല്‍ തുടങ്ങിയതാണത്. നേരത്തേ 6 റേഞ്ചര്‍ ദൗത്യങ്ങളും പരാജയമായിരുന്നതിനാല്‍ നാസയുടെ സതേണ്‍ കാലഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ഏഴാം ദൗത്യത്തിനു എന്‍ജിനീയര്‍മാര്‍ അല്‍പം നെഞ്ചിടിപ്പോടെയാണ് എത്തിയത്. അപ്പോഴാണ് മിഷന്‍ ട്രജക്ടറി എന്‍ജിനീയര്‍ ഡിക് വാലസിന്റെ മനസിലേക്ക് ഈ ആശയം കടന്നു വന്നത്. ദൗത്യം വിജയിക്കണമെങ്കില്‍ എന്‍ജിനീയര്‍മാരുടെ ടെന്‍ഷന്‍ കുറയ്ക്കണം. അതിന് എന്തെങ്കിലും കൊറിക്കാന്‍ കൊടുക്കണം. അങ്ങനെയാണ് നാസയിലേക്കു കപ്പലണ്ടിയുടെ കടന്നുവരവ്.

എന്‍ജിനീയര്‍മാര്‍ക്കു കൊറിക്കാന്‍ കപ്പലണ്ടി നല്‍കാതിരുന്ന ദൗത്യങ്ങളെല്ലാം പരാജയപ്പെടുകയോ വൈകുകയോ ചെയ്തത്രേ. 40 ദിവസത്തോളം വൈകിയ ഒരു ദൗത്യം ഒടുവില്‍ യാഥാര്‍ഥ്യമായത് എന്‍ജിനീയര്‍മാര്‍ക്കു കപ്പലണ്ടി കൊടുത്ത ശേഷമാണെന്നും കഥയുണ്ട്. ശാസ്ത്രപുരോഗതിയുടെ ഉത്തുംഗം എന്ന് വിശ്വസിക്കപ്പെടുന്ന നാസയിലും അന്ധവിശ്വാസത്തിന് പഞ്ഞമൊന്നുമില്ലെന്ന് സാരം.

 

Most Popular