Sunday, October 24, 2021
HomeNewsInternationalചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി നാസ

ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി നാസ

ഹൂസ്റ്റണ്‍: ആദ്യമായി ചൊവ്വയില്‍ ഒരു ഹെലികോപ്റ്റര്‍ പറത്തുന്നതില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വിജയിച്ചു. മാഴ്‌സ് 2020 ദൗത്യത്തിന്റെ ഭാഗമായ കുഞ്ഞന്‍ ഹെലികോപ്റ്റര്‍ ഇന്‍ജെന്വുറ്റി ചൊവ്വയിലെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അന്യഗ്രഹ പര്യവേഷണത്തില്‍ ഒരു നാഴികക്കല്ല് കൂടിയാണ് ഇതിലൂടെ നാസ പിന്നിട്ടത്.

ഒരു അന്യഗ്രഹത്തില്‍ ഇതാദ്യമായാണ് ഒരു റോട്ടോര്‍ക്രാഫ്റ്റ് പര്യവേഷണ വാഹനം പറത്തുന്നത്. 1.8 കിലോഗ്രാം മാത്രം ഭാരമുള്ള ഇന്‍ജെന്വുറ്റി തലയിലെ രണ്ട് റോട്ടോറുകള്‍ മിനുറ്റില്‍ രണ്ടായിരത്തി അഞ്ഞൂറ് തവണ കറക്കിയാണ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ 30 സെക്കന്‍ഡ് നേരം പറന്നത്. ഭൂമിയുടെ അന്തരീക്ഷത്തേക്കാള്‍ വളരെ നേര്‍ത്തതാണ് ചൊവ്വയുടെ അന്തരീക്ഷം, ഗുരുത്വാകര്‍ഷണവും കുറവ്, അന്തരീക്ഷത്തില്‍ പൊടി പടലങ്ങളുടെ അംശവും കൂടുതലാണ് അത് കൊണ്ട് തന്നെ ഭൂമിയില്‍ പറക്കുന്നത് പോലെയല്ല ചൊവ്വയില്‍ ഒരു ഹെലികോപ്റ്റര്‍ പറത്തുന്നത്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇന്‍ജെന്വുറ്റിയുടെ വിജയം.

ഉപരിതലത്തില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തില്‍ പറക്കുകയായിരുന്നു ആദ്യ ശ്രമത്തിലെ നാസയുടെ ലക്ഷ്യം. കൂടുതല്‍ ഉയരുവും കൂടുതല്‍ നേരവും പറക്കാന്‍ ഇനി ശ്രമം നടത്തും. നിലവില്‍ അഞ്ച് പറക്കല്‍ പരീക്ഷണങ്ങള്‍ കൂടി പദ്ധതിയിട്ടുണ്ട്. ചരിത്ര സ്മരണയ്ക്കായി റൈറ്റ് സഹോദരന്‍മാരുടെ ആദ്യ വിമാനത്തിന്റെ ഒരു ചെറിയ കഷ്ണവും ഇന്‍ജെനുവിറ്റിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഭാവി പര്യവേഷണ ദൗത്യങ്ങള്‍ക്ക് ഈ കുഞ്ഞന്‍ ഹെലികോപ്റ്ററിലൂടെ പഠിച്ച കാര്യങ്ങള്‍ മുതല്‍ക്കൂട്ടാകും.

 

Most Popular