Friday, July 23, 2021
Home News International ഇനി ഭയന്ന് പിന്മാറില്ല; ഖുദ്‌സിലെ ഒഴിപ്പിക്കലിനെതിരേ പോരാടാനുറച്ച് ഫലസ്തീനികള്‍

ഇനി ഭയന്ന് പിന്മാറില്ല; ഖുദ്‌സിലെ ഒഴിപ്പിക്കലിനെതിരേ പോരാടാനുറച്ച് ഫലസ്തീനികള്‍

തെല്‍ അവീവ്: ഖുദ്‌സിലെ സില്‍വാനിലുള്ള ബതാന്‍ അല്‍ ഹവ ഏരിയയില്‍ നിന്ന് 44 പേരെ ഒഴിപ്പിക്കാനുള്ള വിധിക്കെതിരേ നല്‍കിയ അപ്പീല്‍ ജറുസലേം ജില്ലാ കോടതി മാറ്റിവച്ചു. 19 കുടുംബങ്ങളില്‍പ്പെട്ട ഇവരെ ഒഴിപ്പിക്കാന്‍ കോടതി നേരത്തേ വിധിച്ചിരുന്നു. 1949ന് മുമ്പ് തങ്ങള്‍ ഇവിടെ ജീവിച്ചിരുന്നു എന്നവകാശപ്പെട്ട ജൂതന്മാര്‍ക്ക് കുടിയേറ്റത്തിന് അവരസമൊരുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

പ്രദേശത്തെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായതിനാലാണ് കോടതി വിധി പറയുന്നത് മാറ്റിയതെന്ന് സില്‍വാനിലെ ഭൂമിയുടെയും വസ്തുക്കളുടെയും അവകാശത്തിന് വേണ്ടി പൊരുതുന്ന കമ്മിറ്റിയുടെ തലവന്‍ ഫക്‌റി അബൂ ദിയാബ് പറഞ്ഞു. ശെയ്ഖജര്‍റാഹില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരേയും അല്‍ അഖ്‌സ മസ്ജിദിലെ കടന്നു കയറ്റത്തിനെതിരേയും നടന്ന പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

വീണ്ടും ഒഴിപ്പിക്കല്‍ നടപടിയുമായി വന്നാല്‍ ഇനി ഫലസ്തീന്‍ ജനത നോക്കിനില്‍ക്കില്ലെന്ന് വാലിദ് ഹുസൈനി പറഞ്ഞു. 1991ലെ മാഡ്രിഡ് സമാധാന ചര്‍ച്ചയില്‍ പിഎല്‍ഒ പ്രതിനിധിയായി പങ്കെടുത്ത ഫൈസല്‍ ഹുസൈനിയുടെ ബന്ധുവാണ് വാലിദ് ഹുസൈനി. ഒന്നാം ഇന്‍തിഫാദയുടേതിന് സമാനമാണ് ഇപ്പോഴത്തെ സാഹചര്യം. കൂടുതല്‍ ഫലസ്തീന്‍കാര്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് പേടി നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പ്രതികരണ ശേഷിയില്ലാത്ത ഫലസ്തീന്‍ അതോറിറ്റിയെ ആശ്രയിക്കുന്നത് അവര്‍ അവസാനിപ്പിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താത്ത സാഹചര്യത്തില്‍ പ്രശ്‌നം സ്വന്തമായി കൈകാര്യം ചെയ്യുക മാത്രമാണ് വഴിയെന്ന യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കിക്കഴിഞ്ഞതായും വാലിദ് ഹുസൈനി പറഞ്ഞു.
ALSO WATCH

Most Popular