വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ

പ്യോംഗ്യാംഗ്: വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ (North Korea). യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക പരിശീലനത്തിനു (joint military exercises between the US and South Korea) മറുപടിയായാണ് മിസൈല്‍ പരീക്ഷണം. ഞായറാഴ്ച രാത്രിയാണ് കൊറിയന്‍ കടലിടുക്കിലേക്ക് ഉത്തര കൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം നടത്തിയത്.

ഉത്തര കൊറിയയുടെ പശ്ചിമ തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തില്‍ നിന്നു തൊടുത്ത മിസൈല്‍ 50 കി.മീ. ഉയരം കൈവരിച്ച്, 800 കി.മീ. ദൂരം സഞ്ചരിച്ചു ലക്ഷ്യത്തിലെത്തിയെന്ന് ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംയുക്ത വ്യോമസേന പരിശീലനത്തിനായി യുഎസ് ബോംബര്‍ വിമാനം കൊറിയന്‍ ആകാശത്തേക്കു പറന്നുയരുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു ഉത്തര കൊറിയയുടെ പ്രകോപനം സൃഷ്ടിച്ചുള്ള മിസൈല്‍ പരീക്ഷണം.