റാമല്ല: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി തള്ളിയ ഫലസ്തീന്‍ അതോറിറ്റി സ്വതന്ത്ര രാഷ്ട്രത്തിന് പുതിയ പുതിയ പദ്ധതി സമര്‍പ്പിച്ചു. ഇസ്രായേല്‍ അധീനതയിലുള്ള വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും ഗസയും ഉള്‍പ്പെടുന്ന സൈനിക നിയന്ത്രണമില്ലാത്ത പരമാധികാര ഫലസ്തീന്‍ രാഷ്ട്രം എന്നതാണ് ഫലസ്തീന്‍ അതോറിറ്റിയുടെ പദ്ധതിയുടെ കാതല്‍.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്‌വരയിലെ അനധികൃത പാര്‍പ്പിട നിര്‍മാണം അടക്കമുള്ളവയ്ക്ക് അനുമതി നല്‍കുന്ന തരത്തിലുള്ളതാണ് ട്രംപ് പ്രഖ്യാപിച്ച വിവാദ പദ്ധതി. ട്രംപിന്റെ പദ്ധതി ഫഫലസ്തീന്‍ സംഘടനകള്‍ മുഴുവന്‍ തള്ളിക്കളഞ്ഞിരുന്നു.
ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇശ്തയ്യ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യാന്തര മധ്യസ്ഥര്‍ മുമ്പാകെ പുതിയ പദ്ധതി സമര്‍പ്പിച്ച വിവരം അറിയിച്ചത്. സ്വതന്ത്രവും പരമാധികാരവും സൈനിക നിയന്ത്രണവുമില്ലാത്ത, കിഴക്കന്‍ ജറുസലേം തലസ്ഥാനമായ ഫലസ്തീന്‍ രാജ്യമാണ് ലക്ഷ്യം. നിര്‍ദ്ദിഷ്ട ഫലസ്തീന്‍ രാജ്യവും ഇസ്രായേലും തമ്മിലുള്ള അതിര്‍ത്തി പരിഷ്‌കരണത്തിനും അതുപോലെ ഭൂമി കൈമാറ്റം ചെയ്യുന്നതിനും ഉതകുന്നതാണ് പദ്ധതിയെന്നും മുഹമ്മദ് ഇശ്തയ്യ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂനിയന്‍, അമേരിക്ക, റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ പൊതുവേദിയാണ് ഫലസ്തീനും ഇസ്രായേലിനും ഇടയില്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നത്.