Saturday, October 23, 2021
HomeNewsInternationalഫലസ്തീനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഹമാസും ഫത്ഹും ധാരണയിലെത്തി

ഫലസ്തീനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഹമാസും ഫത്ഹും ധാരണയിലെത്തി

കെയ്‌റോ: നേരത്തേ തീരുമാനിച്ചതു പോലെ ഈ വര്‍ഷം അവസാനം ഫലസ്തീന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഫലസ്തീന്‍ നിയന്ത്രിക്കുന്ന ഇരു ഗ്രൂപ്പുകളായ ഹമാസും ഫത്ഹും ധാരണയിലെത്തി. ചൊവ്വാഴ്ച്ച ഈജിപ്ത് തലസ്ഥാനത്ത് നടന്ന യോഗത്തില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ പ്രചാരണം ഉറപ്പ് വരുത്താനും എല്ലാ വിഭാഗങ്ങളും തിരഞ്ഞെടുപ്പ് ഫലം മാനിക്കാനും ധാരണയിലെത്തി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മെയ് 22നും പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലൈ 31നും ആണ് നടക്കുക.

ഇസ്രായേലി അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, ഗസ, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷമായി തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹും ഇസ്ലാമിക പ്രസ്ഥാനമായ ഹമാസും തമ്മിലുള്ള കടുത്ത ഭിന്നതയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്.

അതേ സമയം, പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്നില്‍ തന്റെ ജനാധിപത്യ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ ശ്രമമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് പലരും കരുതുന്നു. ഡോണള്‍ഡ് ട്രംപിനു കീഴില്‍ അമേരിക്കയും ഫലസ്തീനുമായുള്ള ബന്ധം അങ്ങേയറ്റം വഷളായിരുന്നു. ഫത്ഹിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിക്ക് ഇസ്രായേല്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ മാത്രമാണ് നിയന്ത്രണം. 2007 മുതല്‍ ഗസയില്‍ ഭരണം നിയന്ത്രിക്കുന്നത് ഹമാസ് ആണ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ഇലക്ടറല്‍ കോര്‍ട്ട് രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ട്. വെസ്റ്റ് ബാങ്ക്, ഗസ, കിഴക്കന്‍ ജുറസേലം എന്നിവിടങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ ഉള്‍പ്പെടുന്നതായിരിക്കും കോടതി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകള്‍ക്കും ഫല പ്രഖ്യാപനത്തിനും തര്‍ക്ക പരിഹാരത്തിനും ഉള്‍പ്പെടെ മേല്‍നോട്ടം വഹിക്കുക ഈ കോടതിയായിരിക്കും. വെസ്റ്റ് ബാങ്കിലെയും ഗസയിലെയും തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുക യൂനിഫോം ധരിച്ച ഫലസ്തീന്‍ പോലിസ് ആയിരിക്കുമെന്നും ധാരണയില്‍ പറയുന്നു.

വെസ്റ്റ് ബാങ്കിലും ഗസയിലുമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനും ഹമാസും ഫത്ഹും തമ്മില്‍ ധാരണയിലെത്തി. 2.8 ദശലക്ഷം വോട്ടര്‍മാരാണ് ഫലസ്തീനിലുള്ളത്. 85കാരനായ അബ്ബാസ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമെന്നാണ് കരുതുന്നത്. 2006ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹമാസ് അപ്രതീക്ഷിത വിജയം നേടിയിരുന്നു. എന്നാല്‍, ഫലം അംഗീകരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഫത്ഹിനെ ഗസയില്‍ നിന്ന് പുറത്താക്കി ഹമാസ് ഭരണം നിയന്ത്രിക്കുകയായിരുന്നു.

Most Popular