ഗസയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

israel attack in gaza

ഗസാസിറ്റി: ഗസയ്ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന് നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ബോംബിങ്. ഇസ്രായേല്‍ വ്യോമസേന നിരവധി തവണകളായി നടത്തിയ ആക്രമണത്തില്‍ വടക്കന്‍ ഗസയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി ഗസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

israel attack in gaza1

അല്‍ അഖ്‌സ മസ്ജിദ് കോംപൗണ്ടില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറിയില്ലെങ്കില്‍ റോക്കറ്റാക്രമണം നടത്തുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ത്യശാസനാ സമയം അവസാനിച്ചതോടെയാണ് ഇസ്രായേല്‍ തീരമേഖലയിലേക്ക് ഹമാസ് നിരവധി റോക്കറ്റുകള്‍ തൊടുത്തത്.

മുസ്ലിംകളുടെ പുണ്യകേന്ദ്രമായ മസ്ജിദുല്‍ അഖ്‌സയില്‍ തിങ്കളാഴ്ച്ചയും തുടര്‍ന്ന സംഘര്‍ഷത്തില്‍ 300ലേറെ ഫലസ്തീന്‍കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റബ്ബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും ഉപയോഗിച്ചാണ് സൈന്യം പള്ളിക്കകത്തേക്കു ഇരച്ചുകയറിയത്.