Thursday, December 2, 2021
HomeNewsInternationalപഞ്ച്ശീറിന്റെ ഭൂരിഭാഗവും താലിബാന്‍ നിയന്ത്രണത്തില്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അഹ്‌മദ് മസൂദ്

പഞ്ച്ശീറിന്റെ ഭൂരിഭാഗവും താലിബാന്‍ നിയന്ത്രണത്തില്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അഹ്‌മദ് മസൂദ്

കാബൂള്‍: ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പഞ്ച്ശീറില്‍ താലിബാനെ എതിര്‍ക്കുന്ന സഖ്യത്തിന്റെ നേതാവായ അഹ്‌മദ് മസൂദ്. താലിബാനുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് അനുരഞ്ജനത്തിലെത്തണമെന്ന മതനേതാക്കളുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താന്റെ(എന്‍ആര്‍എഫ്) ഫേസ്ബുക്ക് പേജ് വഴിയാണ് അഹമദ് മസൂദ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.

പഞ്ച്ശീറിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി പ്രവിശ്യാ വലസ്ഥാനത്തേക്കു നീങ്ങുകയാണെന്ന് താലിബാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുരഞ്ജനത്തിന് തയ്യാറാണെന്ന് പ്രതിപക്ഷം അറിയിച്ചത്.

ഏറ്റുമുട്ടല്‍ നിര്‍ത്തിവച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശം എന്‍ആര്‍ഫ് തത്വത്തില്‍ അംഗീകരിക്കുന്നതായി മസൂദ് ഫേസ്ബുക്കില്‍ അറിയിച്ചു. ഇതിനായി താലിബാന്‍ പഞ്ച്ശീറിലെയും അന്ദറാബിലെയും ആക്രമണവും സൈനിക നീക്കവും അവസാനിപ്പിക്കണം. സമീപ പ്രവിശ്യയായ ബഗ്‌ലാനിലെ ഒരു ജില്ലയാണ് അന്ദറാബ്. അതിന് ശേഷം എല്ലാ വിഭാഗത്തിലെയും പണ്ഡിതന്മാര്‍ ഉള്‍പ്പെടുന്ന ഉലമാ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്നും മസൂദ് ആവശ്യപ്പെട്ടു.

അനുരഞ്ജനത്തിന്റെ മാര്‍ഗം തേടാന്‍ നേരത്തേ പണ്ഡിതന്മാര്‍ താലിബാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ താലിബാന്റെ പ്രതികരണം അറിവായിട്ടില്ല.
ALSO WATCH

Most Popular