ദോഹ: അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള നാവിക താവളത്തില്‍ വെടിവയ്പ്പ് നടത്തിയത് സൈനിക പരിശീലനത്തിനെത്തിയ സൗദിപൗരനെന്ന് അധികൃതര്‍. ആക്രമണത്തില്‍ സൗദി പൗരന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു.
പെന്‍സാക്കോള നേവല്‍ എയര്‍ സ്‌റ്റേഷനിലാണ് ആക്രമണം നടന്നത്. നേരിടാനെത്തിയ പോലിസിന്റെ വെടിവയ്പ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഒരാഴ്ച്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
അമേരിക്ക സഖ്യകക്ഷികള്‍ക്കു വേണ്ടി നടത്തുന്ന സൈനിക പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സൗദി പൗരനെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡെസാന്റിസ് പറഞ്ഞു. അക്രമണത്തിനുള്ള പ്രേരണ എന്തെന്ന കാര്യം അന്വേഷിച്ചുവരികയാണ്. സൗദി നാവിക സേനാ അംഗമാണ് അക്രമി.
വെള്ളിയാഴ്ച്ച രാവിലെ ക്ലാസ് മുറിക്കകത്താണ് തോക്കുധാരി അക്രമം നടത്തിയത്. രണ്ടു പോലിസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.