Tuesday, August 3, 2021
Home Special Health Scan മീന്‍പിടിത്ത കപ്പലിലെ രോഗികളില്‍ പരീക്ഷണം; കോവിഡ് മുക്തരുടെ ശരീരം വീണ്ടും രോഗാണുക്കളെത്തിയാല്‍ പ്രതിരോധിക്കുമെന്ന് തെളിവ്

മീന്‍പിടിത്ത കപ്പലിലെ രോഗികളില്‍ പരീക്ഷണം; കോവിഡ് മുക്തരുടെ ശരീരം വീണ്ടും രോഗാണുക്കളെത്തിയാല്‍ പ്രതിരോധിക്കുമെന്ന് തെളിവ്

വാഷിങ്ടന്‍: കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ പ്രതീക്ഷ നല്‍കുന്ന പുതിയ തെളിവുകള്‍ പുറത്ത്. കോവിഡ് ബാധിച്ചവരില്‍ ശരീരത്തിന്റെ സ്വഭാവിക പ്രതിരോധമെന്ന നിലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ വീണ്ടും രോഗം വരുന്നതിനെ ചെറുക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായത്. യുഎസിലെ സിയാറ്റിലില്‍ മീന്‍പിടിത്ത കപ്പലിലുണ്ടായ കോവിഡ് വ്യാപനത്തെ, നേരത്തെ രോഗമുക്തരായ 3 പേര്‍ അതിജീവിച്ചതാണ് പഠനത്തില്‍ നിര്‍ണായകമായത്. കോവിഡിനെതിരെ ആന്റിബോഡികള്‍ ശരീരത്തില്‍ ഉള്ളവര്‍ക്ക് വീണ്ടും രോഗബാധയേല്‍ക്കില്ല എന്നതിന്റെ ആദ്യ സ്ഥിരീകരണമാണ് ഇത്.

18 ദിവസം കടലില്‍ കഴിഞ്ഞ മീന്‍പിടിത്ത കപ്പലിലെ 122 ജീവനക്കാരില്‍ 104 പേര്‍ക്കുമുണ്ടായ കോവിഡ് ബാധയുടെ ഉറവിടം ഒന്നുതന്നെയാണെന്ന് കണ്ടെത്തി. കോവിഡിനെ മനുഷ്യര്‍ അതിജീവിക്കുന്നത് ശരീരത്തിലെ ആന്റിബോഡികളും ടികോശങ്ങളും വൈറസിനെതിരെ പ്രവര്‍ത്തിക്കുന്നതിനാലാണ്.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വാക്‌സിനുകള്‍ ഉപയോഗിക്കുന്നതിലൂടെ കോവിഡിനെ തടയാനാകുമെന്ന മുന്‍പഠനങ്ങളുടെ ആധികാരികത ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ശരീരത്തില്‍ ആന്റിബോഡികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് വൈറസ് അണുബാധയ്ക്കെതിരെ ശരീരം പ്രതിരോധശേഷി കൈവരിച്ചു എന്നതാണ്. എന്നാല്‍, ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നു വാഷിങ്ടന്‍ സര്‍വകലാശാലയിലെ അസിസ്റ്റന്‍് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗ്രെനിങര്‍ വ്യക്തമാക്കി. വാഷിങ്ടന്‍ സര്‍വകലാശാല, സിയാറ്റിലെ ഫ്രഡ് ഹച്ച് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഗവേഷകരുടേതാണ് പഠനം.

Most Popular