കാബൂള്‍: താലിബാന് പട കാബൂള്‍ വളഞ്ഞതോടെ പ്രസിഡന്റ് അഷ്റഫ് ഗനി താജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടു. താലിബാനുമായി മധ്യസ്ഥ ചര്‍ച്ച നടത്തുന്ന അബ്ദുല്ല അബ്ദുല്ലയാണ് ഇക്കാര്യമറിയിച്ചത്. മുന്‍ പ്രസിഡന്റ് രാജ്യംവിട്ടു എന്നാണ് ദേശീയ അനുരഞ്ജന ഉന്നതാധികാര സമിതി മേധാവി അബ്ദുല്ല അബ്ദുല്ല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അറിയിച്ചത്.
താലിബാന് സമാധാനപരമായി ഭരണം കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഗനി രാജ്യംവിട്ടത്. അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 26ഉം ഇതിനകം താലിബാന് കീഴടക്കിയിട്ടുണ്ട്.
അതേസമയം, ഗനി രാജ്യംവിട്ടുവെന്ന റിപോര്‍ട്ട് പരിശോധിച്ചുവരികയാണെന്ന് താലിബാന് അറിയിച്ചു. ഞായറാഴ്ച്ച രാവിലെ തന്നെ കാബൂള്‍ വളഞ്ഞ താലിബാന് പോരാളികള്‍, രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിത പാതയൊരുക്കുമെന്നും സമാധാനപരമായ അധികാര കൈമാറ്റമാണ് ലക്ഷ്യമെന്നും അറിയിച്ചിരുന്നു.
ലോക്കല്‍ പോലിസ് സ്ഥലംവിട്ട പശ്ചാത്തലത്തില്‍ കവര്‍ച്ചയും മറ്റും ഒഴിവാക്കുന്നതിന് കാബൂളിലേക്ക് പ്രവേശിക്കുമെന്ന് താലിബാന് വക്താവ് അറിയിച്ചു. അഷ്റഫ് ഗനി രാജ്യംവിട്ടതായി അറിയിച്ചതിനു പിന്നാലെയാണ് താലിബാന് വക്താവ് സബീഉല്ല മുജാഹിദിന്റെ പ്രതികരണം.
ALSO WATCH