ചാള്‍സ് രാജകുമാരന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. 71കാരനായ ഇദ്ദേഹം കൊറോണയുടെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ടെന്നും ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു. ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമിലയ്ക്കു കൊറോണ ബാധ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവാണ്. ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്‌കോട്ട്‌ലന്റിലെ വീട്ടില്‍ സ്വയം ഐസൊലേഷനിലാണുള്ളത്. കോവിഡ് വ്യാപകമാവുന്നതിനിടെ ലണ്ടനില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ ചാള്‍സ് രാജകുമാരന്‍ അതിഥികളെ കൈകൂപ്പി സ്വാഗതം ചെയ്തത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
വേദിയിലെത്തിയ ചാള്‍സ് രാജകുമാരന്‍ കാറില്‍ നിന്നിറങ്ങി സാധാരണപോലെ കൈ നീട്ടിയെങ്കിലും പെട്ടെന്ന് കൈവലിക്കുകയും കൈകൂപ്പുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍
പ്രചരിച്ചിരുന്നു.

നേരത്തേ, കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാല്‍ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് വിന്‍ഡ്‌സോര്‍ കാസിലിലേക്ക് രാജ്ഞിയെ മാറ്റിയിരുന്നു.
കഴിഞ്ഞ ആഴ്ചകളില്‍ രാജകുമാരന്‍ പൊതുഇടങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ കാരണം ആരില്‍ നിന്നാണ് വൈറസ് പിടിപെട്ടതെന്ന് കണ്ടെത്താന്‍ കഴിയില്ലെന്ന് അധികൃര്‍ അറിയിച്ചു.