Wednesday, December 1, 2021
HomeSpecialCareer Escortകൊറിയയില്‍ ഉള്ളിക്കൃഷി ജോലി; മാസ ശമ്പളം ലക്ഷം രൂപ, പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

കൊറിയയില്‍ ഉള്ളിക്കൃഷി ജോലി; മാസ ശമ്പളം ലക്ഷം രൂപ, പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

കൊച്ചി: കൃഷിയില്‍ അഭുരുചിയുള്ള പത്താംക്ലാസുകാര്‍ക്ക് കൊറിയയില്‍ മികച്ച ശമ്പളത്തില്‍ തൊഴില്‍ അവസരം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് (Overseas Development and Employment Promotion Cousultants Ltd. -ODEPC) ആണ് ദക്ഷിണകൊറിയയിലേക്ക് കാര്‍ഷികവൃത്തിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നത്.

ഏകദേശം ഒരുലക്ഷം രൂപ (10001500 ഡോളര്‍) വേതനമുള്ള ജോലിക്ക് പത്താംക്ലാസാണ് യോഗ്യത. 25നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒഡെപെക് വെബ്സൈറ്റ് വഴിയോ [email protected] എന്ന മെയിലില്‍ ബയോഡാറ്റ അയച്ചോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി: ഒക്ടോബര്‍ 27.

കൊറിയയിലെ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള ഉള്ളിക്കൃഷിക്കായാണ് ആളുകളെ കൊണ്ടുപോകുന്നത്. ആയിരം പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും ആദ്യഘട്ടത്തില്‍ നൂറുപേരെയാണ് അയക്കുന്നത്. 60 ശതമാനം പേര്‍ സ്ത്രീകകളായിരിക്കണം. കുറഞ്ഞ യോഗ്യതയുള്ള ജോലി കിട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും അധികം അവസരങ്ങള്‍ ലഭിക്കാത്ത വിദൂരമേഖലയില്‍ നിന്നുളളവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഒഡെപെക് എംഡി പറഞ്ഞു.

ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. ഇത് മൂന്നു വര്‍ഷം വരെ നീട്ടാം. കൊറിയന്‍ തൊഴില്‍ നിയമമനുസരിച്ച് മാസത്തില്‍ 28 ദിവസം ജോലി ഉണ്ടായിരിക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ജോലിസമയം. ജോലിസമയത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും.

കാര്‍ഷികവൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഇംഗ്ലീഷില്‍ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഡബ്ല്യു.എച്ച്.ഒ. അംഗീകൃത കോവിഡ് വാക്സിന്‍ എടുത്തവരെ മാത്രമേ കൊറിയ അനുവദിക്കൂ എന്നതിനാല്‍ കോവാക്സിന്‍ എടുത്തവര്‍ക്ക് പോകാനാവില്ല. കോവിഷീല്‍ഡ് എടുത്തവര്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയിരിക്കണം.

താല്‍പര്യമുള്ളവര്‍ക്കായി ഒക്ടോബര്‍ 27ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ഹാളിലും ഒഡെപെക് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജോലിയെ കുറിച്ചും കൊറിയയിലെ സാഹചര്യങ്ങളെ കുറിച്ചും സെമിനാറില്‍ വിശദമാക്കും. ഇതിനുശേഷം യോഗ്യതയും താല്‍പര്യമുള്ളവരെ ഇന്റര്‍വ്യൂവിന് വിളിക്കുകയാവും ചെയ്യുക.

ജോലി ലഭിക്കുന്നവരുടെ പേപ്പര്‍ വര്‍ക്കുകള്‍ ഒഡെപെക്കിന്റെ മേല്‍നോട്ടത്തിലായിരിക്കും നടത്തുക. മിക്കവാറും അടുത്ത മാസം തന്നെ റിക്രൂട്ടിങ് ഉണ്ടാകും. ജെര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ മീറ്റ് പ്രോസസിങ് യൂണിറ്റുകളിലേക്കുള്ള റിക്രൂട്ടിങ്ങും ഉടനെ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ALSO WATCH

Most Popular