Thursday, December 2, 2021
HomeNewsInternationalഅമേരിക്ക കാബൂളില്‍ മിസൈല്‍ തൊടുത്തു കൊന്നത് 10 വര്‍ഷം അമേരിക്കയ്ക്ക് വേണ്ടി പണിയെടുത്ത കുടുംബത്തെ; നേരിട്ട്...

അമേരിക്ക കാബൂളില്‍ മിസൈല്‍ തൊടുത്തു കൊന്നത് 10 വര്‍ഷം അമേരിക്കയ്ക്ക് വേണ്ടി പണിയെടുത്ത കുടുംബത്തെ; നേരിട്ട് വന്ന് മാപ്പ് പറയണം

കാബൂള്‍: അമേരിക്ക ചെയ്ത കൊടും ക്രൂരതയ്ക്ക് നേരിട്ട് വന്ന് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും കാബൂളില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 10 അംഗ കുടുംബത്തിന്റെ ബന്ധുക്കള്‍. കൊല്ലപ്പെട്ടവര്‍ വര്‍ഷങ്ങളായി അമേരിക്കയ്ക്ക് വേണ്ടി പണിയെടുത്തിരുന്നവരാണെന്നും ഇരകളുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.

എസ്മറായി അഹ്‌മദി എന്നയാള്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്റെ വെള്ള ടൊയോട്ട വാഹനം എട്ട് മണിക്കൂര്‍ ട്രാക്ക് ചെയ്ത ശേഷമാണ് ആഗസ്ത് 29ന് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്. ഏഴ് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 10 പേരാണ് തല്‍ക്ഷണം മരിച്ചത്.

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയും യുഎസ് പ്രതിരോധ സെക്രട്ടറിയും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍, അത് മതിയാവില്ലെന്നും അവര്‍ അഫ്ഗാനിലേക്ക് നേരിട്ടെത്തി കുടുംബത്തോട് മാപ്പ് പറയണമെന്നും അഹ്‌മദിയുടെ മരുമകന്‍ ഫര്‍ഷാദ് ഹൈദരി പറഞ്ഞു. ഹൈദരിയുടെ സഹോദരന്‍ നാസറും ഇളയ കസിനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്ക കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ കൂട്ടക്കൊലയ്ക്ക് നഷ്ടരിഹാരം നല്‍കണം. മിസൈല്‍ ആക്രമണത്തിന് ഉത്തരവദാകിളായവരെ പ്രോസിക്യൂട്ട് ചെയ്യണം.

കൊല്ലപ്പെട്ട കുടുംബത്തില്‍ ഭൂരിഭാഗവും അമേരിക്കയ്ക്ക് വേണ്ടി ജോലി ചെയ്തവരായിരുന്നു. നാസര്‍ 10 വര്‍ഷമാണ് അമേരിക്കയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. കൊല്ലപ്പെടുന്ന സമയത്ത് അഹ്‌മദി ഒരു അമേരിക്കന്‍ സന്നദ്ധ സംഘടനയ്ക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ടവര്‍ക്ക് മുഴുവന്‍ അമേരിക്കന്‍ ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ അഫ്ഗാന്‍ വിട്ടുപോവുന്നതിനുള്ള രേഖകള്‍ ലഭിച്ചിരുന്നു. ഉടന്‍ അമേരിക്കയിലേക്ക് പറക്കാമെന്ന പ്രതീക്ഷയില്‍ നില്‍ക്കേയാണ് മിസൈല്‍ അവരുടെ ജീവനെടുത്തതെന്നും ഹൈദരി വ്യക്തമാക്കി.

Most Popular