Saturday, July 24, 2021
Home News International തീവ്ര വലതുപക്ഷ വാദികള്‍ ഖുര്‍ആന്‍ കത്തിച്ചു; സ്വീഡനില്‍ പ്രതിഷേധം ആളുന്നു (Video)

തീവ്ര വലതുപക്ഷ വാദികള്‍ ഖുര്‍ആന്‍ കത്തിച്ചു; സ്വീഡനില്‍ പ്രതിഷേധം ആളുന്നു (Video)

സ്റ്റോക്‌ഹോം: സ്വീഡനിലെ തെക്കന്‍ നഗരമായ മല്‍മോയില്‍ ഖുര്‍ആന്‍ അവഹേളനത്തിനെതിരേ പ്രതിഷേധം കത്തുന്നു. തീവ്ര വലതുപക്ഷ വാദികള്‍ ഖുര്‍ആന്‍ കത്തിച്ചും തെരുവിലിട്ട് തട്ടിയും നടത്തിയ ഇസ്ലാം വിരുദ്ധ പ്രകടനത്തിനെതിരേയുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്.

വലതുപക്ഷ വംശീയ വാദികളുടെ ഇസ്ലാം വിരുദ്ധതയ്ക്കെതിരേ തെരുവിലിറങ്ങിയ മുന്നൂറോളം പേര്‍ പോലിസിനുനേരേ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായതെന്ന് പോലിസ് വക്താവ് റിക്കാര്‍ഡ് ലണ്ട്ക്വിസ്റ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രതിഷേധ പ്രകടനക്കാര്‍ പോലിസ് ഓഫിസര്‍മാര്‍ക്കു നേരെ കല്ലെറിയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു.

സംഘര്‍ഷാവസ്ഥ പൂര്‍ണമായും നിയന്ത്രണത്തിലായിട്ടില്ലെന്നും ഇതിനായി ശ്രമിക്കുകയാണെന്നും പോലിസ് പറയുന്നു. വെള്ളിയാഴ്ച മല്‍മോയില്‍ നടന്ന പ്രകടനത്തില്‍ കടുത്ത ഇസ്ലാം വിരുദ്ധതയാണ് അരങ്ങേറിയത്. മൂന്നുപേര്‍ ചേര്‍ന്ന് തെരുവില്‍ ഖുര്‍ആന്റെ പകര്‍പ്പ് തട്ടിക്കളിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

തീവ്ര വലതുപക്ഷ ഡാനിഷ് പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ നേതാവ് റാസ്മസ് പാലുദാന് മല്‍മോയില്‍ വെള്ളിയാഴ്ച ദിവസം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇസ്ലാം വിരുദ്ധ പ്രകടനങ്ങളുമായി വലതുപക്ഷ വാദികള്‍ തെരുവിലിറങ്ങിയത്.

Most Popular