Monday, July 26, 2021
Home Special Health Scan കോവിഡ് വാക്‌സിന്‍ തയ്യാറായതായി റഷ്യ; പുടിന്റെ മകള്‍ക്ക് കുത്തിവച്ചു; രാജ്യവ്യാപകമായി ഉടന്‍ വിതരണം ചെയ്യും

കോവിഡ് വാക്‌സിന്‍ തയ്യാറായതായി റഷ്യ; പുടിന്റെ മകള്‍ക്ക് കുത്തിവച്ചു; രാജ്യവ്യാപകമായി ഉടന്‍ വിതരണം ചെയ്യും

മോസ്‌കോ: ലോകത്ത് ആദ്യമായി കൊവിഡിനെതിരായ വാക്സിന്‍ വിജയകരമായി വികസിപ്പിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വള്ാദിമിര്‍ പുടിന്‍. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ച വാക്സിന്‍ രാജ്യവ്യാപകമായ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തതായും തന്റെ പെണ്‍മക്കളില്‍ ഒരാളില്‍ കുത്തിവെയ്പ് എടുത്തതായും പുടിന്‍ അറിയിച്ചു.

കൊറോണ വൈറസിനെതിരേ രോഗപ്രതിരോധ ശേഷി കൈവരിക്കുന്നതില്‍ വാക്സിന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സര്‍ക്കാര്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് പുടിന്‍ പറഞ്ഞു. വിവിധ ഘട്ടങ്ങളിലുളള പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാക്്സിന്‍ ഉപയോഗിക്കുന്ന ഘട്ടത്തില്‍ എത്തിയത്. വാക്സിന്‍ കുത്തിവെച്ച മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, അപകടകരമായ പരിധിയില്‍ വരുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യമായി വാക്സിന്‍ നല്‍കുക. ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണകളും പൂര്‍ത്തിയായ ശേഷമാണ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പൂടിന്‍ അവകാശപ്പെടുന്നത്.

ജൂണ്‍ 18നാണ് റഷ്യ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റിയര്‍മാരിലായിരുന്നു പരീക്ഷണം. ഇതില്‍ എല്ലാവരിലും പ്രതിരോധശേഷി വികസിച്ചിരുന്നു. ആദ്യസംഘത്തെ ജൂലൈ 15നും രണ്ടാമത്തെ സംഘത്തെ ജൂലൈ 20നും ഡിസ്ചാര്‍ജ് ചെയ്തു.

അതേസമയം, പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിന്‍ പരീക്ഷണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്സിന്‍ പുറത്തിറക്കുന്നതെന്ന സംശയമാണ് ഇവര്‍ ഉന്നയിക്കുന്നത്. റഷ്യയിലെ ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ അസോസിയേഷനും ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. കേവലം 100ല്‍ താഴെ ആളുകളില്‍ മാത്രം പരീക്ഷണം നടത്തിയ വാക്‌സിന്‍ വ്യാപകമായി നല്‍കുന്നത് അപകടകരമാണെന്ന് ഇവര്‍ പറയുന്നു. ക്ലിനിക്കല്‍ ട്രയലിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. അത് പാലിക്കാതെയാണ് ഇത് ജനങ്ങള്‍ക്ക് നല്‍കാനൊരുങ്ങുന്നതെന്നും അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ ട്രയല്‍സ് ഓര്‍ഗനൈസേഷന്‍ റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായില്‍ മുറാഷ്‌കോയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന്‍ തയ്യാറാക്കിയത്. രാജ്യത്ത് എല്ലാവര്‍ക്കും കുത്തിവെയ്പ് നടത്താനാണ് പദ്ധതി. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇതിനു പിന്നാലെ വാക്സിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്‍പ്പദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്സിനേഷന്‍ കാംപയിനിലൂടെ ജനങ്ങള്‍ക്കെല്ലാം വാക്സിന്‍ ലഭ്യമാക്കാനാണ് പദ്ധതി. വാക്സിന്‍ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വര്‍ധിക്കുമ്പോള്‍ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റസ്ബര്‍ഗ് പറഞ്ഞു.

Russia Claims 1st Covid Vaccine “Sputnik”; Putin Says Daughter Inoculated


 

Most Popular