ഇറാഖില്‍ പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്പ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

ദോഹ: ഇറാഖ് തലസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ക്യാംപിന് നേരെ അജ്ഞാത തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ ചുരുങ്ങിയത് 20 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. വെള്ളിയാഴ്ച്ച രാത്രിയാണ് തഹ്‌രീര്‍ ചത്വരത്തിന് സമീപത്ത് പ്രക്ഷോഭകര്‍ താമസിക്കുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. വെടിവയ്പ്പിലും കത്തിക്കുത്തിലും 130ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് ആരോഗ്യ, സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു.

ആഴ്ച്ചകള്‍ക്കിടെ പ്രക്ഷോഭര്‍ക്കെതിരേ നടന്ന ഏറ്റവും കനത്ത ആക്രമണമായിരുന്നു ഇന്നലത്തേത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് താന്‍ രാജിവയ്ക്കുന്നതായി ഒരാഴ്ച്ച മുമ്പ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച്ച രാത്രി വൈകി പിക്കപ്പ് ട്രക്കുകളില്‍ എത്തിയവരാണ് പ്രക്ഷോഭകര്‍ ആഴ്ച്ചകളായി കഴിയുന്ന കെട്ടിടത്തിനു നേരെ ആക്രമണം നടത്തിയത്. പ്രക്ഷോഭകരെ കെട്ടിടത്തിനു പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.

ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ദ പ്രക്ഷോഭത്തില്‍ ഇതിനകം 400 പേര്‍ കൊല്ലപ്പെടുകയും 20,000ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ രാജിവയ്ക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്യണമെന്നും ഇറാഖ് രാഷ്ട്രീയത്തില്‍ സമഗ്ര പരിഷ്‌കരണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.