ക്വീന്‍സ്ലന്റ്: ആസ്ത്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ 59-കാരന്റെ ശരീരാവശിഷ്ടങ്ങള്‍ മുതലയുടെ വയറ്റില്‍. മല്‍സ്യത്തൊഴിലാളി കാണാതായതിനെ തുടര്‍ന്ന് പുഴയിലുണ്ടായിരുന്ന രണ്ടു മുതലകളെ കൊന്നിരുന്നു. ഗയുണ്ട നദീമുഖത്ത് വച്ചാണ് മീന്പിടുത്തക്കാരനെ കാണാതായത്. അദ്ദേഹത്തെ കാണാതായ സ്ഥലത്തിന്റെ സമീപത്തുനിന്നും കണ്ടെത്തിയ നാല് മീറ്റര്‍ നീളമുള്ള ഒരു മുതലയെ ശനിയാഴ്ച പിടികൂടി കൂടി കൊന്നിരുന്നു.
ആദ്യം പിടികൂടിയ മുതലയുടെ ഉള്ളില്‍നിന്നും മനുഷ്യാവശിഷ്ടങ്ങള്‍ കിട്ടിയതോടെയാണ് കൂടുതല്‍ മുതലകളെ കൊന്ന് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാത്രി മൂന്ന് മീറ്റര്‍ നീളമുള്ള മറ്റൊരു മുതലയെ കൂടി പിടികൂടി കൊല ചെയ്യുകയായിരുന്നു. രണ്ടാമത്തെ മുതലയുടെ ഉള്ളില്‍ ശാരീരികാവശിഷ്ടങ്ങളുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടന്നുവരികയാണ്.
വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് മീന്‍ പിടിക്കാനിറങ്ങിയ ആളെ കാണാതായത്. പിറ്റേന്ന് പുലര്‍ച്ചെ രണ്ടരയ്ക്ക് അദ്ദേഹത്തിന്റെ ബോട്ട് മറിഞ്ഞു കിടക്കുന്നത് കണ്ടെത്തി. മീന്‍പിടുത്തക്കാരന്റെ ശാരീരാവശിഷ്ടങ്ങളും നദീമുഖത്ത് നിന്നു കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മുതലയുടെ ആക്രമണമുണ്ടായതാവാം തിരോധാനത്തിനു പിന്നിലെന്ന നിഗമനത്തിലെത്തിച്ചേര്‍ന്നത്. ക്വീന്‍സ്ലന്‍ഡില്‍ ഈ മാസം ഇത് മൂന്നാം തവണയാണ് മുതലകള്‍ മനുഷ്യരെ ആക്രമിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.