രക്തം കട്ടപിടിക്കുന്നു; നിരവധി രാജ്യങ്ങള്‍ ജോണ്‍സണ്‍ ആന്റ് ജോണ്‌സണ്‍ വാക്‌സിന്‍ ഉപയോഗം നിര്‍ത്തി

johnson&johnson vaccine

വാഷിങ്ടണ്‍: അമേരിക്ക, ദക്ഷിണാഫ്രിക്ക, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തി. വാക്‌സിനെടുത്ത ചിലരില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 6.8 ദശലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതില്‍ ആറ് പേര്‍ക്കാണ് ഈ പ്രശ്‌നം റിപോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

യൂറോപ്യന്‍ യൂനിയനില്‍ ഈയാഴ്ച്ച ആരംഭിച്ച വാക്‌സിനേഷന്‍ കാംപയിന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിര്‍ത്തിവച്ചിരുന്നു. ആസ്ട്രസെന്‍ക വാക്‌സിന്‍ ഉപയോഗിച്ച ചിലരിലും സമാനമായ പ്രശ്‌നം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഈ വാക്‌സിന്റെ ഉപയോഗത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ നാല് വാക്‌സിനുകളില്‍ ജോണ്‍ ആന്റ് ജോണ്‍സനും ആസ്ട്രസെന്‍കയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ വാക്‌സിന് ഉടന്‍ അംഗീകാരം നല്‍കാനിരിക്കുകയാണ്.

മുന്‍കരുതലിന്റെ ഭാഗമായാണ് വാക്‌സിന്‍ ഉപയോഗം നിര്‍ത്തുന്നതെന്ന് എഫ്ഡിഎ അറിയിച്ചു. രക്തം കട്ട പിടിച്ചതു കാരണം ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ആവുകയും ചെയ്തിട്ടുണ്ട്. 18നും 48നും ഇടയില്‍ പ്രയാമുള്ള സ്ത്രീകളിലാണ് പ്രശ്‌നം കണ്ടെത്തിയിട്ടുള്ളത്. വാക്‌സിനെടുത്ത് 6 മുതല്‍ 13 വരെ ദിവസത്തിനുള്ളലാണ് പാര്‍ശ്വ ഫലം പ്രത്യക്ഷപ്പെട്ടത്.

അമേരിക്കന്‍ കമ്പനിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍. എന്നാല്‍, കമ്പനിയുടെ ജാന്‍സന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബെല്‍ജിയം ബ്രാഞ്ചാണ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. മറ്റ് വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒറ്റ ഡോസ് ആണ് നല്‍കുന്നത്. സാധാരണ റഫ്രിജറേറ്റര്‍ ടെംപറേച്ചറില്‍ സൂക്ഷിക്കാമെന്നതിനാല്‍ കൈകാര്യം ചെയ്യാനും എളുപ്പമായിരുന്നു.
ALSO WATCH