Wednesday, September 22, 2021
Home News International 24 മണിക്കൂറിനിടെ രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനവും പിടിച്ച് താലിബാന്‍; അഫ്ഗാന്‍ സര്‍ക്കാരിലെ പ്രധാനികളെ വധിക്കുമെന്ന് ഭീഷണി

24 മണിക്കൂറിനിടെ രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനവും പിടിച്ച് താലിബാന്‍; അഫ്ഗാന്‍ സര്‍ക്കാരിലെ പ്രധാനികളെ വധിക്കുമെന്ന് ഭീഷണി

കാബൂള്‍: അഫ്ഗാനിസ്താനില്‍ നഗരങ്ങളും ഗ്രാമങ്ങളും കീഴടക്കി താലിബാന്‍ മുന്നേറ്റം തുടരുന്നു. ജൗസ്ജാന്‍ പ്രവിശ്യാ തലസ്ഥാനമായ ഷെബര്‍ഗാന്‍ നഗരം താലിബാന്‍ കീഴടക്കിയതായി നഗരത്തിലെ ഡപ്യൂട്ടി ഗവര്‍ണര്‍ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ താലിബാന്‍ നിയന്ത്രണത്തിലാവുന്ന രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണിത്.

സര്‍ക്കാര്‍ സേനയും ഉദ്യോഗസ്ഥരും നഗരത്തിന് പുറത്തെ എയര്‍പോര്‍ട്ടിലേക്ക് പിന്മാറിയതായി ഷെബര്‍ഗാന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ഖാദര്‍ മാലിയ പറഞ്ഞു. നഗരം പൂര്‍ണമായും താലിബാന്‍ കൈയടക്കിയതായും അദ്ദേഹം വ്യക്തമാക്കി.
Afghan security forces

ശനിയാഴ്ച്ച ഉച്ചയോടെയാണ് ഷെബര്‍ഗാന്‍ നഗരവും അതിലൂടെ ജൗസ്ജാന്‍ പ്രവിശ്യയും കീഴടക്കിയതെന്ന് താലിബാന്‍ അറിയിച്ചു. എന്നാല്‍, നഗരം പൂര്‍ണമായും കീഴടങ്ങിയെന്ന താലിബാന്‍ വാദം സര്‍ക്കാര്‍ സൈന്യം തള്ളി. പ്രദേശത്തേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഗവര്‍ണര്‍ ഓഫിസ്, പോലിസ് ആസ്ഥാനം, സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ പ്രധാന കെട്ടിടങ്ങളെല്ലാം താലിബാന്‍ കൈയടക്കിയതായി പ്രവിശ്യാ കൗണ്‍സിലര്‍ ബിസ്മില്ലാ സാഹില്‍ പറഞ്ഞു.

കുപ്രസിദ്ധ ഗോത്രനേതാവ് അബ്ദുല്‍ റഷീദ് ദോസ്തമിന്റെ ജന്മനഗരമാണ് ഷെബര്‍ഗാന്‍. തുര്‍ക്കിയിലെ ചികില്‍സയ്ക്ക് ശേഷം ദോസ്തം ഈയാഴ്ച്ചയാണ് നഗരത്തിലെത്തിയത്. 1990കളില്‍ താലിബാന്‍ വിരുദ്ധ പോരാട്ടത്തില്‍ വലിയ പങ്കുവഹിച്ചിട്ടുള്ളയാളാണ് ഉത്തര അഫ്ഗാനിലെ ഏറ്റവും വലിയ മിലീഷ്യാ നേതാവായ ദോസ്തം. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി ദോസ്തം ശനിയാഴ്ച്ച കൂടിക്കാഴ്ച്ച നടത്തി.

വെള്ളിയാഴ്ച്ച നിംറൂസ് പ്രവിശ്യാ തലസ്ഥാനമായ സരന്‍ജ് താലിബാന്‍ കീഴ്‌പ്പെടുത്തിയിരുന്നു. വലിയ എതിര്‍പ്പൊന്നും കൂടാതെയാണ് നഗരം കീഴടങ്ങിയത്. ജനങ്ങള്‍ താലിബാനികളെ ആവേശപൂര്‍വ്വം എതിരേല്‍ക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

അഫ്ഗാന്‍ സര്‍ക്കാരിന്റെ മീഡിയ ഇന്‍ഫര്‍മേഷന്‍ വിഭാഗം മേധാവി വെള്ളിയാഴ്ച്ച കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച്ച അഫ്ഗാന്‍ പ്രതിരോധ മന്ത്രിയെ കൊലപ്പെടുത്താനുള്ള ശ്രമവും താലിബാന്‍ നടത്തി. വ്യോമാക്രമണത്തിന് പ്രതികാരമായി ഇനി മുതല്‍ മുതിര്‍ ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗ്രാമങ്ങളില്‍ വലിയൊരു ഭാഗവും കീഴടക്കിയ താലിബാന്‍ മറ്റ് പ്രവിശ്യാ തലസ്ഥാനങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുകയാണ്. ഹീറത്ത്, ലശ്കര്‍ ഗാഹ്, കാന്തഹാര്‍ എന്നിവ ഇതില്‍പ്പെടുന്നു.

Most Popular