ഒമിക്രോണിനെക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നുവെന്ന് ഗവേഷകന്‍

omicron

പ്രിട്ടോറിയ: ഒമിക്രോണ്‍ വൈറസ് വകഭേദത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അതിശയോക്തി കലര്‍ന്നതാണെന്ന് ഗവേഷകന്‍. ഒമിക്രോണ്‍ വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്ന് പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആംഗെലിക് കൂറ്റ്‌സീ പറഞ്ഞു.

കഴിഞ്ഞ 10 ദിവസമായി തന്റെ കീഴില്‍ ചികിത്സയിലുള്ള 30 ഓളം രോഗികള്‍ക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയില്‍ കിടക്കാതെ പൂര്‍ണ രോഗമുക്തി നേടിയെന്നും അവര്‍ ഞായറാഴ്ച എഎഫ്പി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

രോഗികളില്‍ കൂടുതലും 40 വയസില്‍ താഴെയുള്ളവരാണ്. സാധാരണ ജലദോഷപ്പിന്ക്ക് കാണുന്ന ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവര്‍ക്കുണ്ടായതെന്ന് ഡോക്ടര്‍ പറഞ്ഞു. ഈ മാസം 18നാണ് ഡെല്‍റ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്റെ സാന്നിധ്യത്തെപ്പറ്റി കൂറ്റ്‌സി അധികൃതരെ അറിയിച്ചത്.

പിന്നീടാണ് ലോകമാകെ പുതിയ വൈറസ് ഭീതി പരന്നത്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തില്‍ ഇല്ലാത്ത ഭീഷണി കലര്‍ത്തി അതിനെ അവതരിപ്പിച്ചത് നിര്‍ഭാഗ്യകരമാണെന്നും തങ്ങള്‍ ഈ രീതിയില്‍ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. വാക്‌സിന്‍ എടുക്കാത്തവര്‍ക്കും നേരിയ ലക്ഷണങ്ങളേ കാണാനുള്ളൂ. യൂറോപ്പിലെ പലര്‍ക്കും ഈ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നും അവര്‍ പറഞ്ഞു.

അതേസമയം, ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ)വൈറസിന്റെ പൂര്‍ണ വിവരങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡ് വന്നവര്‍ക്ക് വീണ്ടും ഒമിക്രോണ്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗം പടരുന്നതാണോ കൂടുതല്‍ മാരകമാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല.

ഒമിക്രോണ്‍ രോഗബാധ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയുമായി യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും വിലക്ക് പിന്‍വലിക്കണമെന്നും പ്രസിഡന്റ് സിറിള്‍ റാമഫോസ പറഞ്ഞു.
ALSO WATCH