Thursday, June 17, 2021
Home News International ബുര്‍ഖ നിരോധിക്കാന്‍ ഒരുങ്ങി ശ്രീലങ്ക; മദ്‌റസകള്‍ അടച്ചു പൂട്ടും

ബുര്‍ഖ നിരോധിക്കാന്‍ ഒരുങ്ങി ശ്രീലങ്ക; മദ്‌റസകള്‍ അടച്ചു പൂട്ടും

കൊളംബോം: മുസ്ലിംകള്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കുമെന്നും രാജ്യത്തുള്ള ആയിരത്തിലേറെ മദ്‌റസകള്‍ അടച്ചു പൂട്ടുമെന്നും ശ്രീലങ്കന്‍ മന്ത്രി. പൊതു സുരക്ഷാ മന്ത്രി സരത് വീരശേഖര വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മുഖം മുഴുവന്‍ മറക്കുന്ന രീതിയില്‍ ചില മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മന്ത്രി ആരോപിച്ചു. ഇത് നിരോധിക്കാനുള്ള കരട് രേഖ മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഴയകാലത്ത് ശ്രീലങ്കയിലെ മുസ്ലിം സ്ത്രീകളോ പെണ്‍കുട്ടികളോ ബുര്‍ഖ ധരിച്ചിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അടുത്ത കാലത്ത് വന്ന ഈ വസ്ത്രധാരണാ രീതി മത തീവ്രവാദത്തിന്റെ ലക്ഷണമാണ്. അത് നിരോധിക്കാന്‍ പോവുകയാണ്- മന്ത്രി പറഞ്ഞു. ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ 2019ല്‍ ബുര്‍ഖ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. 250ലേറെ പേര്‍ കൊല്ലപ്പെട്ട ചര്‍ച്ചുകളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടനത്തെ തുടര്‍ന്നായിരുന്നു അത്.

രാജ്യത്തെ ആയിരത്തിലധികം മദ്‌റസകള്‍ അടച്ചുപൂട്ടാനും പദ്ധതിയുള്ളതായി വീരശേഖര പറഞ്ഞു. മദ്‌റസകള്‍ രാജ്യത്തെ ദേശീയ വിദ്യാഭ്യാസ നയത്തെ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി ആരോപിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മുസ്ലിംകളുടെ വിശ്വാസ താല്‍പര്യം പരഗണിക്കാതെ, ദഹിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് അമേരിക്കയില്‍ നിന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം അത് പിന്‍വലിക്കുകയായിരുന്നു.

Most Popular