Tuesday, September 21, 2021
Home News International ലോക പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ജാക്കി മാസണ്‍ അന്തരിച്ചു

ലോക പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ജാക്കി മാസണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ലോക പ്രശസ്ത ഹോളിവുഡ് അഭിനേതാവും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ ജാക്കി മാസണ്‍ (93) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ചയാണ് ലോകത്തോട് വിട പറഞ്ഞത്.

1928 ജൂണ്‍ 9ന് വിസ്കോന്‍സില്‍ ഒരു യാഥാസ്ഥിതിക ജൂത കുടുംബത്തിലായിരുന്നു ജനനം. മിന്‍സ്കില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയതായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം നിത്യച്ചെലവുകള്‍ക്കായി പല പല ജോലികള്‍ മാറി മാറി പരീക്ഷിച്ച അദ്ദേഹം ബോക്സറായും ജ‌്വൂവിഷ് മതാദ്ധ്യാപകനായും ജോലി നോക്കിയിട്ടുണ്ട്. പിന്നീട് ഹോട്ടലുകളില്‍ സ്റ്റാന്റ് അപ്പ് കോമഡി ഷോകളിലൂടെ അദ്ദേഹം ശ്രദ്ധേയനാകാന്‍ തുടങ്ങി. തന്റെ സ്വത സിദ്ധവും വ്യത്യസ്തവുമായ അവതരണ ശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റി.

1961 ല്‍ സ്റ്റീവ് അലന്‍സിന്റെ ടെലിവിഷന്‍ ഷോയിലൂടെ ടെലിവിഷന്‍ രംഗത്ത് ശ്രദ്ധ നേടിയപ്പോള്‍ അദ്ദേഹം കൂടുതല്‍ പ്രശസ്തിയിലേക്കുയര്‍ന്നു. ദ എഡ് സള്ളിവന്‍ ഷോയില്‍ അതിഥിയായെത്തി ആരാധകരുടെ മനം കവര്‍ന്ന ജാക്കി മാസണ്, പരിപാടിയുടെ ആതിഥേയനായ സള്ളിവനുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ രണ്ട് വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സള്ളിവന്‍ ജാക്കിയോട് പരസ്യമായി ക്ഷമാപണം നടത്തി.

പിന്നീട് സ്റ്റാന്റ് അപ്പ് കോമഡി രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം 1986ല്‍ ദ വേള്‍ഡ് അക്കോര്‍ഡിംഗ് ടു മി എന്ന പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്നു. ഇതിലെ പ്രകടനത്തിന് സ്പെഷ്യല്‍ ടോണി അവാര്‍ഡ്, എമ്മി അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. അദ്ദേഹത്തിന്റെ ജാക്കി മാസണ്‍ ബ്രാന്‍ഡ് ന്യൂ, ജാക്കി മാസണ്‍ പൊളിറ്റിക്കലി ഇന്‍കറക്‌ട് എന്നിവയും ഏറെ പ്രശസ്തമാണ്. ജില്‍ റോസണ്‍ഫെല്‍ഡാണ് ഭാര്യ. അദ്ദേഹത്തിന്റെ മരണത്തില്‍ ലോകമെമ്പാടുമുള്ള ആരാധകരും ഹോളിവുഡിലെ പ്രമുഖരും അനുശോചനം അറിയിച്ചു.

Most Popular