Saturday, April 17, 2021
Home News International കുടുങ്ങിക്കിടന്ന കപ്പല്‍ പൂര്‍ണമായും നീക്കി; സൂയസ് കനാലില്‍ ഗതാഗതം പുനസ്ഥാപിച്ചു

കുടുങ്ങിക്കിടന്ന കപ്പല്‍ പൂര്‍ണമായും നീക്കി; സൂയസ് കനാലില്‍ ഗതാഗതം പുനസ്ഥാപിച്ചു

കെയ്‌റോ: അന്താരാഷ്ട്ര കപ്പല്‍ പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കു കപ്പല്‍ വീണ്ടും വെള്ളത്തിലേക്കിറക്കി. ഒരാഴ്ച്ചയായി തുടരുന്ന ശ്രമം ഇന്ന് വൈകുന്നേരത്തോടെയാണ് വിജയിച്ചത്. ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കു ഗതാഗതം മുടക്കി ഒരാഴ്ച്ചയായി എവര്‍ ഗിവണ്‍ കപ്പല്‍ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതോടെ 400ഓളം കപ്പലുകളാണ് വഴിയിലായത്. എവര്‍ ഗിവണ്‍ കനാലിന്റെ മധ്യത്തിലേക്കു നീക്കിയ ദൃശ്യങ്ങള്‍ ഈജിപ്ഷ്യന്‍ ടിവി പുറത്തുവിട്ടു.

വേലിയേറ്റം പ്രയോജനപ്പെടുത്തി നിരവധി ടഗ്‌ബോട്ടുകളുടെ സഹായത്തോടെയാണ് കരയിലെ മണല്‍ത്തിട്ടയിലുറച്ചിരുന്ന പടുകൂറ്റന്‍ കപ്പല്‍ വലിച്ചുനീക്കിയത്. ഒരാഴ്ച്ച മുമ്പ് ശക്തമായ കാറ്റില്‍പ്പെട്ടാണ് കപ്പല്‍ തലതിരിഞ്ഞ് കരയിലേക്കു കയറിയത്. മാര്‍ച്ച് 23ന് ആയിരുന്നു സംഭവം.
ALSO WATCH

Most Popular