റിയോഡി ജനീറോ: തെരുവില്‍ അലഞ്ഞു തിരിയുന്ന ഒരു നായ ലോകത്തിലെ പ്രധാന കാര്‍ കമ്പനികളിലൊന്നിലെ ജീവനക്കാരനാവുക. ഒടുവില്‍ മികച്ച ജീവനക്കാരനുള്ള പുരസ്കാരം നേടുക. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നില്ലേ. ബ്രസീലിലെ ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പാണ് തെരുവ് നായക്ക് വലിയ പദവികള്‍ നല്കി ആദരിച്ചിരിക്കുന്നത്.
തെരുവില്‍ അലഞ്ഞുതിരിയുന്നതിനിടയില്‍ ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പ് ജീവനക്കാരോട് അടുക്കുകയായിരുന്നു ടക്സോണ്‍ പ്രൈം എന്ന നായ. പിന്നാലെ ഹോണററി ജീവനക്കാരനായി സ്ഥാപനം നായയെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ മെയിലാണ് നായയെ ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പ് സ്ഥാപനത്തില്‍ നിയമിക്കുന്നത്.
ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പ് സെയില്‍സ് വിഭാഗത്തില്‍ വരുന്ന ആളുകളെ സ്വീകരിക്കുന്ന ജോലിയാണ് ടക്സോണിന്. കമ്പനിയിലെ ജീവനക്കാരാണ് നായക്ക് ഈ പേര് നല്‍കിയത്. മറ്റു തെരുവുനായകളെ പോലെ കുരച്ച് ബഹളമുണ്ടാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാറില്ല ടക്സോണ്‍.
സ്ഥാപനത്തിലേക്ക് എത്തുന്നവരോടും ജീവനക്കാരോടും ശാന്തമായി പെരുമാറുന്ന നായയെ അതിന്റെ രീതികള്‍ കണ്ടാണ് ഹ്യുണ്ടായി ഏറ്റെടുക്കുന്നത്. പുതിയ ജീവനക്കാരനെക്കുറിച്ച് ഹ്യുണ്ടായി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏകദേശം ഒരു വയസ് പ്രായം വരുന്ന ടക്സോണിന് ഐഡി കാര്‍ഡും ഇരിപ്പിടവും ഭക്ഷണവും താമസ സൗകര്യവുമൊക്കെയുണ്ട്.
മൃഗസ്നേഹത്തില്‍ എന്നും മുന്‍പന്തിയിലാണ് ബ്രസീല്‍. ടക്സോണിന് മുന്‍പ് ഒരു പൂച്ചയ്ക്ക് ജീവനക്കാരനായി നിയമനം നല്കി മറ്റൊരു സ്ഥാപനം ശ്രദ്ധ നേടിയിരുന്നു.