Saturday, October 1, 2022
HomeNewsInternationalസുഡാനില്‍ സൈനിക അട്ടിമറി; പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്തു

സുഡാനില്‍ സൈനിക അട്ടിമറി; പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്തു

ദോഹ: സുദാനില്‍ സൈനിക അട്ടിമറിയുടെ(Sudan military coup) സൂചന നല്‍കി, പ്രധാനമന്ത്രി അബ്ദല്ല ഹംദൂക്കിനെ വീട്ടുതടങ്കലിലാക്കി. അട്ടിമറിയെ പിന്തുണക്കാത്തതിനാലാണ് നടപടി.

വ്യവസായ മന്ത്രി ഇബ്‌റാഹിം അല്‍ ശെയ്ഖ്, വാര്‍ത്താ വിനിമയ മന്ത്രി ഹംസ ബലൂല്‍, സോവറിന്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് അല്‍ ഫികി സുലൈമാന്‍, ഹംദൂക്കിന്റെ മാധ്യമ ഉപദേശകന്‍ ഫൈസല്‍ മുഹമ്മദ് സാലിഹ്, ഖാര്‍ത്തൂം ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ അയ്മാന്‍ ഖാലിദ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തെ ദീര്‍ഘകാലം നയിച്ചിരുന്ന ഉമര്‍ അല്‍ ബഷീര്‍ 2019ല്‍ പുറത്താക്കപ്പെട്ടതിന് സുദാനില്‍ ഭരണ കൈമാറ്റത്തിനുള്ള സൈനിക-സിവിലിയന്‍ സംവിധാനം രൂപീകരിച്ചിരുന്നു. 2023ല്‍ പൊതുതിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സര്‍ക്കാര്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അട്ടിമറി. കഴിഞ്ഞ മാസം സൈന്യം നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ സൈന്യവും സിവിലിയന്‍ സമൂഹവും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.

സുദാന്‍ ഭരണസമിതി ചെയര്‍മാന്‍ ജനറല്‍ അബ്ദല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ദേശീയ ടെലിവിഷന്‍ ചാനല്‍ അറിയിച്ചു. നേരത്തേ സര്‍ക്കാര്‍ ചാനലുകള്‍ സൈന്യം കൈയടക്കിയിരുന്നു.

അതേസമയം, സൈന്യത്തിന്റെ അട്ടിമറി ശ്രമത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി പൊതുജനങ്ങള്‍ തലസ്ഥാന നഗരത്തിലടക്കം തെരുവിലിറങ്ങിയിട്ടുണ്ട്.
ALSO WATCH

 

Most Popular