Friday, June 25, 2021
Home News International കൂറ്റന്‍ ചരക്കു കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി; ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു

കൂറ്റന്‍ ചരക്കു കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി; ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ സൂയസ് കനാലില്‍ കൂറ്റന്‍ ചരക്കു കപ്പല്‍ കുടുങ്ങി. ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ എംവി എവര്‍ ഗിവണ്‍ ആണ് കാറ്റില്‍ വശങ്ങളിലേക്ക് ചരിഞ്ഞതിനെ തുടര്‍ന്ന് ഇടുങ്ങിയ പാതയില്‍ കുടുങ്ങിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് അലങ്കോലമായ ആഗോള ചരക്കു ഗതാഗതത്തിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് ഈ സംഭവം.

ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ സേവനം നടത്തുന്ന കണ്ടെയ്‌നര്‍ കപ്പലാണ് പനാമയില്‍ നിന്നുള്ള എംവി എവര്‍ ഗ്രീന്‍. മനുഷ്യ നിര്‍മിത കനാലില്‍ കപ്പല്‍ കുടുങ്ങിയതോടെ ആഫ്രിക്കയ്ക്കും സിനായ് മുനമ്പിനും ഇടയിലുള്ള ജലപാത രണ്ടായി വിഭജിക്കപ്പെട്ടു. ശക്തമായ കാറ്റാണ് കപ്പല്‍ തലതിരിയാന്‍ കാരണമാക്കിയതെന്ന് കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന തായ്‌വാന്‍ കമ്പനിയായ എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പ് അറിയിച്ചു.

എവര്‍ ഗിവണ്‍ സ്വതന്ത്രമാക്കുന്ന പ്രവര്‍ത്തനം നീണ്ടാല്‍ കപ്പലുകള്‍ ആഫ്രിക്കയെ ചുറ്റി വഴിതിരിച്ചുവിടേണ്ടിവരും. 30ഓളം കപ്പലുകളാണ് നിലവില്‍ ഈ പാതയിലുള്ളത്. കപ്പലുകള്‍ വഴിതിരിച്ചു വിടേണ്ടി വന്നാല്‍ ലക്ഷ്യത്തിലെത്താന്‍ രണ്ടോ മൂന്നോ ആഴ്ച്ച വൈകും.

ലോകത്തെ സമുദ്ര വ്യാപാരത്തിന്റെ 10 ശതമാനം കടന്നുപോവുന്നത് സൂയസ് കനാല്‍ വഴിയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിനും പസഫിക് സമുദ്രത്തിനും ഇടയില്‍ എണ്ണ, പ്രകൃതി വാതക, ചരക്കു ഗതാഗതം നടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജലപാതയാണിത്.

Most Popular