Monday, September 27, 2021
Home News International പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍; വനിതകള്‍ സര്‍ക്കാരില്‍ ചേരാന്‍ ആഹ്വാനം

പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍; വനിതകള്‍ സര്‍ക്കാരില്‍ ചേരാന്‍ ആഹ്വാനം

കാബൂള്‍: അഫ്ഗാനില്‍ മുഴുവന്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍. വനിതകളോട് സര്‍ക്കാരില്‍ ചേരാനും താലിബാന്‍ ആഹ്വാനം ചെയ്തു. നേരത്തേ താലിബാനെതിരേ ചാരപ്രവര്‍ത്തനം നടത്തുകയും അമേരിക്കയെ സഹായിക്കുകയും ചെയ്തവര്‍ പ്രതികാര നടപടി ഭയന്ന് പലായനത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് പൊതുമാപ്പ് പ്രഖ്യാപനം. ഇത്തരത്തില്‍ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആയിരക്കണക്കിന് പേര്‍ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടിച്ചുകൂടിയത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
afgan womenതാലിബാന്‍ പ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ വീടുകളില്‍ കയറുന്നത് വിലക്കിയതായി താലിബാന്‍ മിലിറ്ററി കമ്മീഷന്‍ മുല്ലാ യാഖൂബ് ശബ്ദസന്ദേശത്തില്‍ അറിയിച്ചു. കാബൂളില്‍ ഇത് കര്‍ശനമായി നടപ്പാക്കും. താലിബാനെതിരേ പ്രവര്‍ത്തിക്കുന്നവരെ അന്വേഷിച്ച് പ്രവര്‍ത്തകര്‍ വീടുകളില്‍ കയറുന്നതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രസ്താവന. മുഴുവന്‍ പേര്‍ക്കും പൊതുമാപ്പ് നല്‍കിയതായും തൊഴിലാളികള്‍ ജോലിസ്ഥലത്തേക്ക് മടങ്ങണമെന്നും താലിബാന്‍ അറിയിച്ചു.

പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ ചില മേഖലകളില്‍ താലിബാന്‍ അനുമതി നല്‍കിയതായി കുട്ടികളുടെ യുഎന്‍ ഏജന്‍സിയായ യുനിസെഫ് അറിയിച്ചു. ചിലയിടങ്ങളില്‍ നേതാക്കളുടെ ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നതായി പ്രാദേശിക താലിബാന്‍ പ്രതിനിധികള്‍ അറിയിച്ചതായും അഫ്ഗാനിസ്താനിലെ യൂനിസെഫ് ഫീല്‍ഡ് ഓപറേഷന്‍സ് മേധാവി മുസ്തഫ ബിന്‍ മസൂദ് അറിയിച്ചു.

ഒഴിപ്പിക്കല്‍ നടപടി പുനരാരംഭിച്ചു
afganistan evacuation

താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഒഴിപ്പിക്കല്‍ നടപടി വീണ്ടും തുടങ്ങിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. വിദേശ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. കാബൂള്‍ എയര്‍പോര്‍ട്ടിനകത്തും റണ്‍വേയ്ക്ക് സമീപവും മറ്റും തടിച്ചു കൂടിയ ജനങ്ങളെ യുഎസ് സൈനികര്‍ ഒഴിപ്പിച്ചിട്ടുണ്ട്. നയതന്ത്രപ്രതിനിധികളെയും സിവിലിയന്‍മാരെയും ഒഴിപ്പിക്കുന്ന സൈനിക വിമാനങ്ങള്‍ വീണ്ടും പറന്നു തുടങ്ങി.

170 ഇന്ത്യക്കാര്‍ നാട്ടിലേക്കു പറന്നു
ഇന്ത്യന്‍ വ്യോമസേനാ വിമാനം 170 പേരെ കാബൂളില്‍ നിന്ന് ഒഴിപ്പിച്ച് ന്യൂഡല്‍ഹിയിലെത്തിച്ചു. അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ അംബാസഡറും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് ദിവസത്തിനിടെ എംബസിയുമായി ബന്ധപ്പെട്ട 200 ഇന്ത്യക്കാരെയും സിവിലിയന്മാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അംബാസഡര്‍ രുദ്രേന്ദ്ര ടാണ്ടന്‍ പറഞ്ഞു. ചുരുക്കം ഇന്ത്യക്കാര്‍ ഇപ്പോഴും അഫ്ഗാനിലുണ്ട്. അവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Most Popular