Thursday, December 2, 2021
HomeNewsInternationalഅഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍; മുഹമ്മദ് ഹസന്‍ അഖുന്ദ് പ്രധാനമന്ത്രി

അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍; മുഹമ്മദ് ഹസന്‍ അഖുന്ദ് പ്രധാനമന്ത്രി

കാബൂള്‍: അഫ്ഗാനില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. മുഹമ്മദ് ഹസന്‍ അഖുന്ദിന്റെ നേതൃത്വത്തിലാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്. ഖത്തറിലെ താലിബാന്‍ പൊളിറ്റിക്കല്‍ ഓഫിസ് മേധാവി ആയിരുന്ന അബ്ദുല്‍ ഗനി ബറദാര്‍ ഉപനേതാവാകും.

ഹക്കാനി നെറ്റ്‌വര്‍ക്ക് സ്ഥാപകന്റെ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തര മന്ത്രി. മുഖ്യ വക്താവ് സബീഉല്ല മുജാഹിദ് ഇന്ന് കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്.

താലിബാന്‍ സ്ഥാപക നേതാവ് മുല്ലാ മുഹമ്മദ് ഉമറിന്റെ മകന്‍ മുല്ലാ മുഹമ്മദ് യാഖൂബ് പ്രതിരോധ മന്ത്രിയാവും. ഹിദായത്തുല്ല ബദ്‌റിയെ ആക്ടിങ് ധനമന്ത്രിയായി നിയമിച്ചു. പുതിയ ഇസ്ലാമിക സര്‍ക്കാരിലെ 33 അംഗങ്ങളുടെ പേരുകളാണ് മുജാഹിദ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള പോസ്റ്റുകളിലേക്ക് ചര്‍ച്ചകള്‍ക്കു ശേഷം പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

പുതിയ സര്‍ക്കാരിലെ ഭൂരിഭാഗം പേരുകളും ഒന്നാം താലിബാന്‍ സര്‍ക്കാരില്‍ ഉള്ളവരാണെന്ന് അല്‍ജസീറ കറസ്‌പോണ്ടന്റ് ചാള്‍സ് സ്റ്റഫോര്‍ഡ് റിപോര്‍ട്ട് ചെയ്തു. ഭൂരിഭാഗവും പഷ്തൂണ്‍ വിഭാഗക്കാരാണ്. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചത് ആക്ടിങ് സര്‍ക്കാരാണെന്നും രാജ്യത്തെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുമെന്നും സബീഉല്ല മുജാഹിദ് അറിയിച്ചു.

താലിബാന്‍ പരമോന്നത നേതാവ് മുല്ലാ ഹൈബതുല്ല അഖുന്‍സാദയ്ക്ക് സര്‍ക്കാരില്‍ എന്ത് റോളാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ല. താലിബാന്‍ ആഗസ്തില്‍ കാബൂള്‍ പിടിച്ചതിന് ശേഷം അദ്ദേഹം പ്രത്യക്ഷത്തില്‍ വന്നിട്ടില്ല.

Most Popular