Monday, December 5, 2022
HomeNewsInternationalഒടുവില്‍ പഞ്ച്ശീറും വീണു; അഫ്ഗാന്‍ പൂര്‍ണ മോചനം നേടിയെന്ന് താലിബാന്‍

ഒടുവില്‍ പഞ്ച്ശീറും വീണു; അഫ്ഗാന്‍ പൂര്‍ണ മോചനം നേടിയെന്ന് താലിബാന്‍

കാബൂള്‍: താലിബാന്‍ മുന്നേറ്റത്തെ ചെറുത്തു നിന്ന അവസാന തുരുത്തായ പഞ്ച്ശീറും കീഴടങ്ങി. ഈ വിജയത്തോടെ രാജ്യത്തെ യുദ്ധത്തിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ചതായി താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു.

എന്നാല്‍, തന്ത്രപ്രധാന സ്ഥാനങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ഉണ്ടെന്നും താലിബാനെതിരായ ചെറുത്തുനില്‍പ്പ് തുടരുമെന്നും നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട്(എന്‍ആര്‍എഫ്) അവകാശപ്പെട്ടു. എന്‍ആര്‍എഫിന് നേതൃത്വം നല്‍കിയ അഹ്‌മദ് മസൂദും മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹും എവിടെയെന്ന കാര്യം വ്യക്തമല്ല.

സംഘര്‍ഷമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല
അഫ്ഗാനില്‍ ഇനിയുമൊരു യുദ്ധം അനുവദിക്കില്ലെന്ന് സബീഉല്ല മുജാഹിദ് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. രാജ്യം സ്ഥിരതയിലേക്കു പോവേണ്ടതുണ്ട്. രാജ്യത്തിന്റെ ഒരു ഭാഗത്തും സംഘര്‍ഷം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ല.

പഞ്ച്ശീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതിനായി കഠിനമായി പരിശ്രമിച്ചു. എന്നാല്‍, കാബൂളില്‍ നിന്ന് ആയുധങ്ങളും വാഹനങ്ങളുമായി പലായനം ചെയ്ത ചിലര്‍ രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. ചര്‍ച്ചയോട് അവര്‍ മുഖംതിരിഞ്ഞു നിന്നു. എന്നാല്‍, ഒടുവില്‍ പഞ്ച്ശീര്‍ സുരക്ഷാ സേന ഏറ്റെടുത്തു- സബീഉല്ല മുജാഹിദ് പറഞ്ഞു.

മുന്‍ സൈനികര്‍ പുതിയ സര്‍ക്കാരിനോടൊപ്പം ചേരണം
അഫ്ഗാനില്‍ കഴിഞ്ഞ 20 വര്‍ഷമായി പരിശീലനം നേടിയ സൈനികര്‍ താലിബാനോടൊപ്പം സുരക്ഷാ കാര്യങ്ങളില്‍ സഹകരിക്കണമെന്ന് സബീഉല്ല മുജാഹിദ് ആവശ്യപ്പെട്ടു. പുതിയ സര്‍ക്കാരിനെതിരേ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും. ഇനിയുമൊരു കുഴപ്പത്തിന് ആരെയും അനുവദിക്കില്ലെന്നും താലിബാന്‍ വക്താവ് മുന്നറിയിപ്പ് നല്‍കി.

പുതിയ സര്‍ക്കാര്‍ ദിവസങ്ങള്‍ക്കകം
താലിബാനില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാവുമെന്ന് സബീഉല്ല മുജാഹിദ് അറിയിച്ചു. മാറ്റങ്ങള്‍ക്കും പരിഷ്‌കരണത്തിനും സാധ്യത നല്‍കും വിധമുള്ള കെയര്‍ടേക്കര്‍ സര്‍ക്കാരിനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ഇപ്പോള്‍ സാധ്യത ഇല്ല. കൂടുതല്‍ കാര്യങ്ങള്‍ അടുത്ത സര്‍ക്കാരായിരിക്കും തീരുമാനിക്കുക.

Most Popular