Sunday, January 23, 2022
HomeNewsInternationalഭരണമേറ്റെടുക്കല്‍ ചടങ്ങിന് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ക്ഷണിച്ച് താലിബാന്‍

ഭരണമേറ്റെടുക്കല്‍ ചടങ്ങിന് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ക്ഷണിച്ച് താലിബാന്‍

ദോഹ: പുതിയ സര്‍ക്കാര്‍ രൂപീകരണ ചടങ്ങിലേക്ക് ഖത്തര്‍, റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍, പാക്‌സിതാന്‍ എന്നീ രാജ്യങ്ങളെ താലിബാന്‍ ക്ഷണിച്ചു. പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ പ്രഖ്യാപനം താലിബാന്‍ നേരത്തേ രണ്ടുതവണ നീട്ടിവച്ചിരുന്നു. ആഗോള സമൂഹത്തിനും അഫ്ഗാന്‍ ജനതയ്ക്കും സ്വീകാര്യമായ ഒരു സര്‍ക്കാര്‍ ആയിരിക്കും താലിബാന്‍ പ്രഖ്യാപിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനോട് അനുകൂല നിലപാട് സ്വീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ. തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായാണ് ചൈനയെ താലിബാന്‍ കണക്കാക്കുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് സഹായിക്കാന്‍ ചൈനയെയാണ് താലിബാന്‍ ക്ഷണിച്ചിട്ടുള്ളത്. അതേസമയം, താലിബാന്റെ ക്ഷണത്തെക്കുറിച്ച് ചൈന പ്രതികരിച്ചിട്ടില്ല.

താലിബാന്‍ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ച രാജ്യമാണ് പാക്‌സിതാന്‍. താലിബാന്‍ അടിമത്തത്തിന്റ ചങ്ങല പൊട്ടിച്ചു എന്നായിരുന്നു പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പ്രതികരണം. അഫ്ഗാന്‍ സമാധാന പ്രക്രിയയില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള രാജ്യമാണ് ഖത്തര്‍.

പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ തുര്‍ക്കിയും സഹായകരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കാബൂള്‍ വിമാനത്താവളത്തിന്റെ നടത്തിപ്പിന് താലിബാന്‍ തുര്‍ക്കിയുടെയും ഖത്തറിന്റെയും സഹായം തേടിയിരുന്നു.

Most Popular