Sunday, December 4, 2022
HomeNewsInternationalമുന്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ താലിബാന്‍ റെയ്ഡ്; കോടിക്കണക്കിന് ഡോളറും സ്വര്‍ണവും പിടിച്ചെടുത്ത് ബാങ്കിന് കൈമാറി

മുന്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ താലിബാന്‍ റെയ്ഡ്; കോടിക്കണക്കിന് ഡോളറും സ്വര്‍ണവും പിടിച്ചെടുത്ത് ബാങ്കിന് കൈമാറി

കാബൂള്‍: അഫ്ഗാനിസ്താനിലെ മുന്‍ ഉദ്യോഗസ്ഥരുടെ വീടുകള്‍ കേന്ദ്രീകരിച്ച് താലിബാന്‍ റെയ്ഡ്. പരിശോധനയില്‍ 12 മില്യണിലധികം ഡോളര്‍ വരുന്ന നോട്ടുകളും സ്വര്‍ണ്ണവും പിടിച്ചെടുത്തു. അഫ്ഗാനിസ്താന്‍ സെന്‍ട്രല്‍ ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നീങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ സമ്പത്ത് വീടുകളില്‍ കുന്നുകൂട്ടിയത്. ഇക്കാര്യം മനസ്സിലാക്കിയാണ് താലിബാന്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പിടിച്ചെടുത്ത 12.3 മില്യണ്‍ ഡോളര്‍ പണവും സ്വര്‍ണ്ണവും നല്‍കിയതായി അഫ്ഗാനിസ്താന്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ഇത് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തതാണെന്നും ബാങ്ക് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഭൂരിഭാഗം പണവും പിടിച്ചെടുത്തത് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹിന്റെ വീട്ടില്‍ നിന്നായിരുന്നു. അംറുല്ല സാലിഹിന്റെ വീട്ടില്‍ നിന്ന് 15 സ്വര്‍ണക്കട്ടികളും 60 ലക്ഷം ഡോളറും കണ്ടെടുത്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അഫ്ഗാനിലെ ഉന്നത സ്ഥാനത്തിനിരിക്കുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്നും സുരക്ഷാ ഏജന്‍സി ജീവനക്കാരുടെ വീടുകളില്‍ നിന്നുമാണ് ഇത്തരത്തില്‍ സ്വര്‍ണ്ണവും പണവും പിടികൂടിയിരിക്കുന്നത്. ഇത് എന്തിന് വേണ്ടിയായിരുന്നു അവരുടെ വീടുകളില്‍ സൂക്ഷിച്ചിരുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ബാങ്ക് പറഞ്ഞു.

ശമ്പളമില്ലാതെ ജീവനക്കാര്‍
afganistan financial crisis

ഭൂരിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിലവില്‍ തിരികെ ജോലിയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. എന്നാല്‍, കഴിഞ്ഞ കുറേ മാസങ്ങളായിട്ട് ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. മാത്രമല്ല ബാങ്കില്‍ നിക്ഷേപമായി പണം ഇട്ടിരുന്നവര്‍ക്ക് അത് പിന്‍വലിക്കാനും സാധിക്കുന്നില്ല എന്ന അവസ്ഥയാണ്. നിലവില്‍ 200 ഡോളര്‍ മാത്രമാണ് ആഴ്ചയില്‍ പിന്‍വലിക്കാനുള്ള തുകയുടെ പരിധി. ഇത് പിന്‍വലിക്കാന്‍ വേണ്ടി എടിഎം കേന്ദ്രങ്ങളില്‍ തിക്കും തിരക്കുമാണ്. അഫ്ഗാനിസ്താനില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഇത്തരത്തില്‍ ഉപജീവനത്തിനായി പാടുപെടുന്നത്.

എല്ലാ ഇടപാടുകളും അഫ്ഗാന്‍ കറന്‍സിയില്‍ മതി
അഫ്ഗാനിസ്താനിലെ എല്ലാ സര്‍ക്കാര്‍ – സര്‍ക്കാരിതര സ്ഥാപനങ്ങള്‍ അവരുടെ കരാറുകളും സാമ്പത്തിക ഇടപാടുകളും അഫ്ഗാനിലെ കറന്‍സിയായ അഫ്ഗാനി ഉപയോഗിച്ച് തന്നെ നടത്തണമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

 

Most Popular