Thursday, September 23, 2021
Home News International സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടി താലിബാന്‍; അഫ്ഗാന്‍ കീഴടക്കിയതിന് ശേഷം ആദ്യ വാര്‍ത്താ സമ്മേളനം

സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടി താലിബാന്‍; അഫ്ഗാന്‍ കീഴടക്കിയതിന് ശേഷം ആദ്യ വാര്‍ത്താ സമ്മേളനം

കാബൂള്‍: എല്ലാ രാജ്യങ്ങളുമായും സമാധാനപൂര്‍ണമായ ബന്ധം ആഗ്രഹിക്കുന്നതായി താലിബാന്‍. അഫ്ഗാന്‍ കീഴടക്കിയതിന് ശേഷം താലിബാന്‍ വക്താവ് നടത്തിയ ആദ്യ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

ആഭ്യന്തരമായോ വൈദേശികമായ ആരുമായും ശത്രുത ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു. ഇസ്ലാമിക ചട്ടക്കൂടിനുള്ളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. സമൂഹത്തില്‍ സ്ത്രീകള്‍ സജീവമായിരിക്കും. അവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി ഉണ്ടാവും.

സ്വകാര്യമാധ്യമങ്ങള്‍ക്ക് രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ ദേശീയ മൂല്യങ്ങള്‍ക്കെതിര് നില്‍ക്കരുത്.

ആരോടും പ്രതികാരമില്ല
മുന്‍ സൈനികര്‍ക്കെതിരേയോ സര്‍ക്കാര്‍ അംഗങ്ങള്‍ക്കെതിരെയോ താലിബാന്‍ പ്രതികാര നടപടി സ്വീകരിക്കില്ലെന്ന് സബീഉല്ല മുജാഹിദ് പറഞ്ഞു. അഫ്ഗാന്‍ സര്‍ക്കാര്‍ സൈനികര്‍ക്കും വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച കോണ്‍ട്രാക്ടര്‍മാര്‍ക്കും ട്രാന്‍സ്ലേറ്റര്‍മാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആരും നിങ്ങളെ ഉപദ്രവിക്കില്ല. നിങ്ങളുടെ വാതിലില്‍ ആരും മുട്ടില്ല-അദ്ദേഹം ഉറപ്പ് നല്‍കി. ആഭ്യന്തരമായോ വൈദേശികമായോ ശത്രുക്കളെ ഉണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല.

വിദേശ രാജ്യങ്ങള്‍ക്കെതിരേ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ല
ഏതെങ്കിലും ഒരു വിദേശരാജ്യത്തെ ആക്രമിക്കുന്നതിന് അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സബീഉല്ല മുജാഹിദ് പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെ ഒരു രാജ്യത്തിനെതിരേയും പ്രവര്‍ത്തിക്കാനുള്ള കേന്ദ്രമായി അഫ്ഗാനെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നല്‍കുന്നു.

20 വര്‍ഷത്തെ അധിനിവേശത്തില്‍ നിന്ന് അഫ്ഗാനെ മോചിപ്പിക്കാന്‍ പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് താലിബാന്‍ നന്ദി അറിയിച്ചു. സ്വാതന്ത്ര്യം ഓരോ രാജ്യത്തിന്റെയും അവകാശമാണെന്ന് സബീഉല്ല മുജാഹിദ് പറഞ്ഞു.
ALSO WATCH

Most Popular