കാബൂള്‍: താലിബാന് പരമോന്നത നേതാവ് ഹൈബതുല്ല അഖുന്‍സാദ കാന്തഹാറില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു. 2016ല്‍ താലിബാന്റെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം അദ്ദേഹം ആദ്യമായാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
2016 മുതല്‍ താലിബാന് ആത്മീയ നേതൃത്വം നല്കുന്ന അഖുന്‍സാദ താലിബാന് അഫ്ഗാന്റെ അധികാരം പിടിച്ച വേളയില്‍ പോലും പൊതുവേദിയില്‍ വന്നിരുന്നില്ല. ഇതേ തുടര്‍ന്ന് അഖുന്‍സാദ മരിച്ചതായി പോലും പ്രചാരണമുണ്ടായിരുന്നു.
ശനിയാഴ്ച്ച അദ്ദേഹം ദാറുല്‍ ഉലൂം ഹാകിമ മദ്രസ സന്ദര്‍ശിക്കുകയും അനുയായികളോടും പോരാളികളോടും സംസാരിക്കുകയും ചെയ്തതായി താലിബാന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കനത്ത സുരക്ഷയില്‍ നടന്ന പരിപാടിയുടെ ചിത്രങ്ങളോ വീഡിയോയോ പുറത്തുവന്നിട്ടില്ല. എന്നാല്‍ 10 മിനിറ്റ് നീളുന്ന ഓഡിയോ റെക്കോഡിങ് താലിബാന് പുറത്തുവിട്ടു. അഖുന്‍സാദയെ അമീറുല്‍ മുഅ്മിനീന്‍(വിശ്വാസികളുടെ നേതാവ്) എന്നാണ് ഓഡിയോ സന്ദേശത്തില്‍ വിശേഷിപ്പിക്കുന്നത്.
പ്രസംഗത്തില്‍ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നില്ല. പകരം താലിബാന് നേതൃത്വത്തിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ് ചെയ്യുന്നത്. താലിബാന്റെ രക്തസാക്ഷികള്‍ക്കും പോരാട്ടത്തില്‍ മുറിവേറ്റവര്‍ക്കും വേണ്ടി അഖുന്‍സാദ പ്രാര്‍ഥന നടത്തി. വലിയ പരീക്ഷയില്‍ ഇസ്ലാമിക എമിറേറ്റ് നേതൃത്വം വിജയിച്ചതായും അദ്ദേഹം പറഞ്ഞു.
ആത്മീയ നേതൃത്വമാണെങ്കിലും പൊതുവേദിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് പുതിയ സര്‍ക്കാരില്‍ കൂടുതല്‍ സജീവമായി അദ്ദേഹം ഇടപെട്ടേക്കുമെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.
2016ല്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മുല്ലാ അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അഖുന്‍സാദ താലിബാന് നേതൃപദവിയില്‍ എത്തിയത്.
ALSO WATCH