Tuesday, November 30, 2021
HomeNewsInternationalപഞ്ച്ശീര്‍ താഴ്‌വര താലിബാന്‍ വളഞ്ഞു; ശക്തമായ ഏറ്റുമുട്ടല്‍

പഞ്ച്ശീര്‍ താഴ്‌വര താലിബാന്‍ വളഞ്ഞു; ശക്തമായ ഏറ്റുമുട്ടല്‍

കാബൂള്‍: അഹ്‌മദ് മസൂദിന്റെ ശക്തികേന്ദ്രമായ അഫ്ഗാനിലെ പഞ്ച്ശീര്‍ താഴ്‌വര താലിബാന്‍ പൂര്‍ണമായും വളഞ്ഞു. താലിബാനെതിരേ പ്രതിരോധിച്ച് നില്‍ക്കുന്ന അഫ്ഗാനിലെ ഏക പ്രദേശമാണ് പഞ്ച്ശീര്‍.

കാര്‍പിസ-പഞ്ച്ശീര്‍ പ്രവിശ്യകള്‍ ചേരുന്ന ദാര്‍ബന്ദില്‍ താലിബാന്‍ സൈന്യം എത്തിയതായി നാഷനല്‍ റസിസ്റ്റന്‍സ് ഫ്രണ്ട്(എന്‍ആര്‍എഫ്) വക്താവ് അറിയിച്ചു. എന്നാല്‍, തങ്ങളുടെ പ്രതിരോധം തകര്‍ക്കാന്‍ താലിബാന് സാധിക്കില്ലെന്നും എന്‍ആര്‍എഫ് വക്താവ് ഫാഹിം ദാഷ്തി ട്വീറ്റ് ചെയ്തു.

പഞ്ച്ശീറിലില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായി താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, തലസ്ഥാനമായ ബസാറകിലേക്കും പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ടിലേക്കുമുള്ള വഴികള്‍ മുഴുവന്‍ കുഴിബോംബുകള്‍ പാകിയിട്ടുള്ളതിനാല്‍ മുന്നേറ്റം വളരെ സാവധാനത്തിലാണ്. മൈനുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തിയും ആക്രമണവും ഒരേ സമയം പുരോഗമിക്കുകയാണെന്നും താലിബാന്‍ അറിയിച്ചു. അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിക്കും മുമ്പ് തന്നെ പഞ്ച്ശീര്‍ മോചിപ്പിക്കാനുള്ള തീരുമാനത്തിലാണ് താലിബാന്‍.

സോവിയറ്റ് അധിനിവേശത്തിനെതിരേ ഒരു പതിറ്റാണ്ട കാലം പിടിച്ച് നിന്ന പഞ്ച്ശീര്‍ 1996 മുതല്‍ 2001 വരെയുള്ള താലിബാന്‍ ഭരണ കാലത്തും സ്വതന്ത്രമായി നിലകൊണ്ടിരുന്നു. താലിബാന്‍ വിരുദ്ധ സായുധ സംഘങ്ങളും മുന്‍ അഫ്ഗാന്‍ സുരക്ഷാ സൈനികരും ഉള്‍പ്പെട്ട എന്‍ആര്‍എഫ് പഞ്ച്ശീര്‍ താഴ്‌വരയില്‍ വന്‍തോതില്‍ ആയുധങ്ങള്‍ സംഭരിച്ചിരിച്ചിട്ടുള്ളതായാണ് കണക്കാക്കുന്നത്. കാബൂളിന് 80 കിലോമീറ്റര്‍ വടക്കുള്ള താഴ്‌വരയിലേക്ക് കടക്കാനുള്ള ഏക വഴി ഒരു മലയിടുക്കാണ്. ഇതാണ് പ്രദേശത്തെ ഒരു കോട്ട പോലെ കാത്തുസൂക്ഷിക്കുന്നത്.

Most Popular