കഴിവുള്ള അഫ്ഗാന്‍കാരെ ഒഴിപ്പിച്ച് കൊണ്ടുപോവുന്നത് അമേരിക്ക അവസാനിപ്പിക്കണം: താലിബാന്‍

Kabul evacuation

കാബൂള്‍: വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള അഫ്ഗാന്‍കാര്‍ രാജ്യംവിട്ടു പോവുന്നത് ഒഴിവാക്കണമെന്നും അവരുടെ വൈദഗ്ധ്യം രാജ്യത്തിന് ആവശ്യമുണ്ടെന്നും താലിബാന്‍. എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള അഫ്ഗാന്‍ വിദഗ്ധരെ ഒഴിപ്പിച്ച് കൊണ്ടുപോവുന്നതില്‍ നിന്ന് അമേരിക്ക പിന്മാറണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.

ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ അടക്കമുള്ള അഫ്ഗാന്‍ വിദഗ്ധരെ അമേരിക്കക്കാര്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോവുകയാണ്. ഇത് അവസാനിപ്പിക്കണം. അവരുടെ വൈദഗ്ധ്യം രാജ്യത്തിന് ആവശ്യമുണ്ട്. അവരെ മറ്റ് രാജ്യങ്ങളിലേക്കു കൊണ്ടുപോവരുത്-സബീഉല്ല മുജാഹിദ് പറഞ്ഞു.

അഫ്ഗാന്‍കാര്‍ വിമാനത്താവളത്തിലേക്ക് പോവരുത്
Zabihullah Mujahid

അഫ്ഗാന്‍കാര്‍ കാബൂള്‍ വിമാനത്താവളത്തില്‍ കൂട്ടംകൂടുന്നത് ഒഴിവാക്കി വീടുകളിലേക്ക് മടങ്ങണം. അവിടത്തെ സ്ഥിതിഗതികള്‍ അപകടകരമാണ്. അവരുടെ സുരക്ഷ ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. ആര്‍ക്കെതിരേയും പ്രതികാര നടപടിയുണ്ടാവില്ല. പഴയതെല്ലാം ഞങ്ങള്‍ മറന്നു കഴിഞ്ഞു-അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറുന്നതിന് നിശ്ചയിച്ച ഡെഡ്‌ലൈന്‍ നീട്ടി നല്‍കാനാവില്ല. ആഗസ്ത് 31ന് അകം പിന്മാറ്റം പൂര്‍ത്തിയാക്കണം. ഒഴിപ്പിക്കല്‍ നടപടി അതിനകം അവസാനിപ്പിക്കണമെന്നും സബീഉല്ല മുജാഹിദ് ആവശ്യപ്പെട്ടു.

പഞ്ചശിറിലെ പ്രശ്‌നം ചര്‍ച്ചയിലൂടെ പരഹരിക്കും
പഞ്ച്ശിറിലെ പ്രശ്നങ്ങള്‍ സമാധാനപൂര്‍ണമായി പരിഹരിക്കാനാണ് ശ്രമം. അഫ്ഗാനിലെ യുദ്ധം അവസാനിച്ചതായി ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു വെടിയുണ്ടപോലും ഉതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അല്‍പം ആശങ്കയുള്ളവരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഒരു ശതമാനം ആളുകള്‍ വിശ്വസിക്കുന്നത് പ്രശ്നങ്ങള്‍ പ്രശ്നങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നാണ്- മുജാഹിദ് പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തം
Lycee Maryam Bazaar kabul

സ്ത്രീകളുടെ സുരക്ഷിതത്വം തങ്ങളുടെ ഉത്തവാദിത്തമാണെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. ചിലയിടങ്ങളില്‍ സ്ത്രീകളുമായി ഇടപെടുന്നതില്‍ തങ്ങളുടെ സുരക്ഷാ സംഘത്തിന് വേണ്ടത്ര പരിശീലനമില്ല. അതുകൊണ്ട് തന്നെ ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
കൃത്യമായ നടപടിക്രമവും ചട്ടങ്ങളും രൂപീകരിക്കുന്നത് വരെ തല്‍ക്കാലം സ്ത്രീകള്‍ വീട്ടില്‍ തന്നെ കഴിയുന്നതാണ് ഉത്തമം. അവരെ ജോലികളില്‍ നിന്ന് ഒഴിവാക്കില്ല. തല്‍ക്കാലത്തേക്ക് അവര്‍ ജോലിയില്‍ ഹാജരായില്ലെങ്കിലും വേതനം ലഭിക്കും.

സിഐഎയുമായി കൂടിക്കാഴ്ച്ചയെക്കുറിച്ച് അറിവില്ല
താലിബാനും സിഐഎയും തമ്മില്‍ ഏതെങ്കിലും കൂടിക്കാഴ്ച നടന്നതായി തനിക്ക് അറിവില്ലെന്നും മുജാഹിദ് പറഞ്ഞു. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ മേധാവി വില്യം ബേണ്‍സുമായി താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗനി ബറദാര്‍ കാബൂളില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ALSO WATCH