വാഷിംഗ്ടണ്‍: കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ വ്യാപകമാവുന്ന ടിക്‌സ്(tics) എന്ന ആരോഗ്യപ്രശ്‌നത്തിന് കാരണം ടിക് ടോക്(TikTok) ആണെന്ന് പഠനം. ശരീരചലനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുകയും അറിയാതെ സംസാരിക്കുകയും ചെയ്യുന്ന എന്ന ചലന ക്രമക്കേടാണ് ‘ടിക്‌സ്’. ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ്(The Wall Street Journal) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടികളില്‍ അപൂര്‍വമായി മാത്രം കണ്ടിരുന്ന ഈ പ്രശ്‌നം കോവിഡ് മഹാമാരിക്കാലത്താണ് വ്യാപകമായത്. കോവിഡ് കാരണമായുണ്ടായ ഉത്കണ്ഠയാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയതെങ്കിലും വിശദമായ പഠനത്തില്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായി ടിക് ടോക്കാണ് വില്ലനെന്ന് കണ്ടെത്തുകയായിരുന്നു. ഈ പ്രശ്‌നം റിപോര്‍ട്ട് ചെയ്ത ബഹുഭൂരിഭാഗം പെണ്‍കുട്ടികള്‍ ടിക് ടോക്കിന് അഡിക്റ്റായിരുന്നു.
തുടര്‍ച്ചയായി കണ്ണ് ചിമ്മുക, ചുമലോ കയ്യോ അനക്കിക്കൊണ്ടിരിക്കുക, തലയാട്ടുക, മൂക്കും ചുണ്ടും വിറക്കുക, മുഖം കോട്ടുക, ഒരേവാക്ക് ആവര്‍ത്തിച്ചു കൊണ്ടിരിക്കുക, തൊണ്ട ശരിയാക്കുക, മുരളുക, മൂളിക്കൊണ്ടിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കൗമാരക്കാരായ പെണ്‍കുട്ടികളില്‍ കൂട്ടമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് യു.എസ്, യു.കെ, കാനഡ, ആസ്േ്രതലിയ രാജ്യങ്ങളിലെ പീഡിയാട്രിക് ഹോസ്പിറ്റലുകളിലെ വിദഗ്ധര്‍ ഗവേഷണം നടത്തിയത്. ഇത്തരം ആരോഗ്യപ്രശ്‌നവുമായി എത്തുന്നവരില്‍ പൊതുവായുള്ള ശീലം ടിക് ടോക് അഡിക്ഷന്‍ ആണെന്ന കാര്യം ഡോക്ടര്‍മാരില്‍ കൗതുകമുണര്‍ത്തുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത്തരം പ്രശ്‌നവുമായി ചികിത്സ തേടുന്നവരുടെ എണ്ണം പത്തിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് അമേരിക്കയിലെ സിന്‍സിനാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡൊണാള്‍ഡ് ഗില്‍ബര്‍ട്ട് പറയുന്നത്. ഇതേ പ്രവണത അമേരിക്കയിലെയും യുകെയിലെയും ആശുപത്രികളിലുമുണ്ടായി. നേരത്തെ ഉത്കണ്ഠാ രോഗങ്ങള്‍ക്ക് ചികിത്സ തേടിയവരിലാണ് പുതിയ പ്രശ്‌നം അധികമായി കാണുന്നതന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.
കാര്യങ്ങള്‍ ആവര്‍ത്തിച്ചും നിയന്ത്രണമില്ലാതെയും ചെയ്യുന്നതിന് കാരണമാകുന്ന ‘ടൂററ്റ് സിന്‍ഡ്രോം’ എന്ന നാഡീവ്യൂഹ രോഗം സംബന്ധിച്ച് വീഡിയോകള്‍ ചെയ്യുന്ന ടിക് ടോക്കേഴ്‌സിനെ തുടര്‍ച്ചയായി കാണുന്നവരിലാണ് ഈ പ്രശ്‌നം കൂടുതലായും കാണുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. #Tourettes എന്ന ഹാഷ് ടാഗിലുള്ള വീഡിയോകളുടെ എണ്ണം കോവിഡിനു ശേഷം ടിക് ടോക്കില്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. 2019-ല്‍ 125 കോടി വ്യൂസാണ് ഈ ഹാഷ് ടാഗിലുള്ള വീഡിയോകള്‍ക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 480 കോടിയാണ്.
ടൂററ്റ് സിന്‍ഡ്രോം വീഡിയോകള്‍ കാണുന്നവരില്‍ ടിക്‌സ് വരാന്‍ സാധ്യതയുണ്ടെന്നും, ഇങ്ങനെ വരുന്ന ശരീര-ശബ്ദ ചലനങ്ങള്‍ മറ്റേതെങ്കിലും അസുഖത്തിന്റെ ലക്ഷണമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിക്ക് വിധേയമാവുകയും ടിക് ടോക്ക് ഉപയോഗം ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇങ്ങനെ വരുന്ന ടിക്‌സില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി. കായികവിനോദങ്ങളില്‍ ഏര്‍പ്പെടുകയും യോഗ ചെയ്യുകയും ചെയ്യുന്നത് ടിക്‌സ് വരാതിരിക്കാന്‍ സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ALSO WATCH