കാബൂള്‍ : വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് നടത്തിയ ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ആക്രമണം തുടരുകയാണെന്നും താലിബാന് സംഘത്തിനും ആള്‍നാശമുണ്ടായതായും തഖാര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ വക്താവ് ജവാദ് ഹെജ്രി പറഞ്ഞു. സൈനിക ഓപ്പറേഷനായുള്ള യാത്രയ്ക്കിടെയാണ് സുരക്ഷാസൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. മേഖലയിലെ വീടുകളിലാണ് താലിബാന് സംഘം ഒളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ 34 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായാണ് തഖാര്‍ പ്രവിശ്യയിലെ ഹെല്‍ത്ത് ഡയറക്ടര്‍ അബ്ദുള്‍ഖയൂം പ്രതികരിച്ചത്. മരിച്ചവരില്‍ ഡെപ്യൂട്ടി പോലീസ് മേധവിയും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുക്കുകയോ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയോ ചെയ്തിട്ടില്ല.