ഭൂമുഖത്ത് നിന്ന് ദിനോസറുകള്‍ തുടച്ച് നീക്കപ്പെട്ടതിനെ കുറിച്ച് വിശ്വാസ്യയോഗ്യമായ തെളിവുകള്‍ പുറത്ത് വിട്ട് ശാസ്ത്രലോകം. ആറരക്കോടി വര്‍ഷം മുന്‍പ് മെക്സിക്കയിലെ യൂക്കാറ്റന്‍ പ്രദേശത്ത് വന്ന് പതിച്ച ഛിന്നഗ്രഹമാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.ഛിന്നഗ്രഹം വന്നിടിച്ച ആഘാതത്തില്‍ ഏകദേശം 180 കിലോമീറ്റര്‍ വീതിയില്‍ വിള്ളലുണ്ടയതിന് ഏകദേശം 900 മീറ്റര്‍ ആഴമുണ്ടായിരുന്നു. 1970കളില്‍ വരെ ഈ വിള്ളലിനെപ്പറ്റി ആര്‍ക്കും അറിവുണ്ടായിരുന്നില്ല. പെട്രോളിയം ഖനനത്തിനു വേണ്ടി കടലില്‍ പ്രത്യേക പ്രദേശങ്ങള്‍ തിരയുന്നതിനിടെയായിരുന്നു ഈ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതും പിന്നീട് ഇതു വിശദമായി പലരും പരിശോധിച്ചു. അങ്ങനെയാണ് 1980ല്‍ രണ്ട് അമേരിക്കന്‍ ഗവേഷകര്‍ ദിനോസറുകളുടെ വംശനാശത്തിനു കാരണമായ ഛിന്നഗ്രഹം വന്നിടിച്ചുണ്ടായതാണു വിള്ളലെന്ന സിദ്ധാന്തം മുന്നോട്ടു വച്ചത്. കമ്പ്യൂട്ടര്‍
മോഡലുകളുടെ സഹായത്തോടെയാണ് ഈ വിവരം ശാസ്ത്രജ്ഞര്‍ വിശദീകരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജിയോഫിസിക്സിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
അതേസമയം 2016ല്‍ വിള്ളലിന്റെ ആഴങ്ങളിലേക്കിറങ്ങി പരിശോധന നടത്തിയതോടെയാണു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഏകദേശം 130 മീറ്റര്‍ പ്രദേശത്തെ പാറകളുടെ ഘടന പഠിക്കുകയായിരുന്നു ഗവേഷകര്‍. പരിശോധിച്ച പാറകളില്‍ നിന്നു ലഭിച്ച തെളിവുകള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഛിന്നഗ്രഹം വന്നുവീണതിനെത്തുടര്‍ന്ന് പാറകളും മറ്റും ഉരുകിയൊലിച്ചു, പിന്നാലെ കാട്ടുതീയുണ്ടാവുകയും തുടര്‍ന്ന് സള്‍ഫര്‍ വാതകം രൂപപ്പെട്ടു. ഒപ്പം അന്തരീക്ഷമാകെ പൊടിപടലം നിറഞ്ഞു. ഇവ രണ്ടും അന്തരീക്ഷത്തില്‍ ഒരു പുതപ്പു പോലെ നിറഞ്ഞതോടെ സൂര്യപ്രകാശം ഭൂമിയിലേക്കു പതിക്കാതായി. ഏകദേശം 5 വര്‍ഷത്തോളം ഇതു തുടര്‍ന്നു. കാലാവസ്ഥ തകിടം മറിഞ്ഞു. ഏകദേശം 325 ബില്യന്‍ മെട്രിക് ടണ്‍ സൂക്ഷ്മവസ്തുക്കളാണ് അന്ന് അന്തരീക്ഷത്തില്‍ നിറഞ്ഞത്. അതില്‍ത്തന്നെ മഹാഭൂരിപക്ഷവും സള്‍ഫറായിരുന്നു. അതിശക്തമായ സൂനാമി ഇതിനൊപ്പമുണ്ടായതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഒരു സെന്റിമീറ്റര്‍ പാറയില്‍ നിന്നു തന്നെ ഏകദേശം 1000 വര്‍ഷത്തെ ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ഘടനയെപ്പറ്റി പഠിക്കാനാകുമെന്നാണ് പറയപ്പെടുന്നത്.