Saturday, May 15, 2021
Home News International എവർ ഗിവൺ കപ്പൽ കരകയറിയെങ്കിലും ജീവനക്കാരുടെ കാര്യം പ്രതിസന്ധിയിൽ

എവർ ഗിവൺ കപ്പൽ കരകയറിയെങ്കിലും ജീവനക്കാരുടെ കാര്യം പ്രതിസന്ധിയിൽ

സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ചയോളം സ്തംഭിപ്പിച്ച പ്രതിസന്ധിയില്‍ നിന്ന് എവര്‍ ഗിവണ്‍ കപ്പല്‍ കരകയറിയെങ്കിലും കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ കാര്യം പ്രതിസന്ധിയില്‍ തുടരുന്നു. കപ്പലുകള്‍ അപകടത്തില്‍പ്പെട്ടാല്‍ അതിലെ ക്യാപ്ടനെയും ചില ജീവനക്കാരെയും തുടര്‍ന്ന് യാത്രചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതാണ് ബന്ധപ്പെട്ട നിയമങ്ങള്‍. അപകട കാരണം വ്യക്തമാക്കുന്നതിനുള്ള അന്വേഷണം പൂര്‍ത്തിയാകുംവരെ ഇവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കും. ക്യാപ്ടന്റെയോ ജീവനക്കാരുടെയോ പിഴവാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തലെങ്കില്‍ ഇവര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. കപ്പലിനുള്ളിലെ ഷിപ്പ് വൊയേജ് ഡേറ്റ റെക്കോര്‍ഡറിലെ ശബ്ദങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചായിരിക്കും അന്വേഷണം. അപകടത്തിനു മുമ്പ് ക്യാപ്ടനും ജീവനക്കാരും നടത്തിയ സംഭാഷണങ്ങള്‍, കപ്പലിന്റെ വേഗത, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കും.

ഇന്ത്യക്കാരായ 25 പേരാണ് തായ്വാനീസ് കമ്പനിയായ എവര്‍ഗ്രീന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ ജീവനക്കാര്‍. കൊടുങ്കാറ്റിനെ തുടര്‍ന്ന് കപ്പല്‍ നിയന്ത്രണം വിട്ട് കനാലില്‍ കുടുങ്ങിയെങ്കിലും ഇവര്‍ അപകടമൊന്നുമില്ലാതെ സുരക്ഷിതരായിരുന്നു. അതേസമയം എവര്‍ ഗിവണിലെ 25 ജീവനക്കാരുടെ പേരുവിവരങ്ങള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്നും കപ്പലിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഇവര്‍ സജീവമായി പങ്കെടുത്തെന്നും കപ്പലിന്റെ ടെക്നിക്കല്‍ മാനേജിങ് കമ്പനിയായ ബേണ്‍ഹാര്‍ഡ് സ്‌കുല്‍റ്റ് ഷിപ്പ് മാനേജ്മെന്റ് വ്യക്തമാക്കി.

സൂയസ് പരിസരത്തെ ശക്തമായ മണല്‍ക്കാറ്റും അസാധാരണമായ തോതിലുള്ള തിരകളുമാണ് കപ്പല്‍ നിയന്ത്രണം വിട്ട് തിരിയാന്‍ കാരണമായതെന്നാണ് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, അപകടത്തിനു പിന്നില്‍ മാനുഷികമായ പിഴവും ഉണ്ടെന്ന് സൂയസ് കനാല്‍ അതോറിറ്റി തലവന്‍ ലഫ്. ജനറല്‍ ഒസാമ റാബി അഭിപ്രായപ്പെട്ടു. എവര്‍ ഗിവണിന് അനുവദിക്കപ്പെട്ട വേഗത 7.6 മുതല്‍ 8.6 വരെ നോട്ട് ആയിരുന്നുവെന്നും എന്നാല്‍ അപടകസമയത്ത് കപ്പല്‍ 13.5 നോട്ട് വേഗത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ജീവനക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ഉണ്ടായേക്കാമെന്നും അവരുടെ ഭാവി വരെ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം, കപ്പലിലെ ജീവനക്കാര്‍ക്ക് മുംബൈ ആസ്ഥാനമായുള്ള സമുദ്രജോലിക്കാരുടെ ദേശീയ യൂണിയന്‍ (എന്‍.യു.എസ്.ഐ) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Most Popular