Friday, July 30, 2021
Home News International ഗസയിലെ ആക്രമണം പരാജയമെന്ന് ഇസ്രായേലി പത്രം; നിര്‍ത്താന്‍ സമയമായി

ഗസയിലെ ആക്രമണം പരാജയമെന്ന് ഇസ്രായേലി പത്രം; നിര്‍ത്താന്‍ സമയമായി

തെല്‍ അവീവ്: ഒമ്പത് ദിവസം കൂട്ടക്കുരുതി നടത്തിയിട്ടും ഗസയില്‍ ഇസ്രായേലിന് വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഹിബ്രു ദിനപത്രമായ ഹാരെറ്റ്‌സിന്റെ എഡിറ്റര്‍ അലൂഫ് ബെന്‍. നീതികരിക്കാനാവാത്ത സൈനിക നടപടിയുടെ പരാജയമാണ് ആക്രമണം ഒമ്പതാം ദിവസത്തിലെത്തുമ്പോഴും കാണുന്നതെന്ന് അദ്ദേഹത്തിന്റെ എഡിറ്റോറിയലില്‍ പറയുന്നു.

സൈനിക പരാജയത്തിനൊപ്പം ഇനി എങ്ങിനെ മുന്നോട്ട് പോവുമെന്ന രാഷ്ട്രീയ ആശയക്കുഴപ്പവും ദൃശ്യമാണ്. സാങ്കല്‍പ്പിക വിജയത്തിന് വേണ്ടി തിരയുന്നതിന് പകരം അക്രമം നിര്‍ത്താന്‍ സമയമായി-അലുഫ് പറഞ്ഞു. നെത്യനാഹു അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗസയിലെ ആക്രമണം അടിയന്തരമായി കുറക്കണമെന്നും വെടിനിര്‍ത്തലിനുള്ള വഴിതേടണമെന്നും ഇസ്രായേല്‍ നെസറ്റ് അംഗങ്ങളും ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ സൈനിക നടപടിയിലൂടെ ഗസയില്‍ വ്യക്തമായ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് നെസറ്റിലെ മെരെറ്റ്‌സ് പാര്‍ട്ടി പ്രതിനിധി നിത്സാന്‍ ഹോവിറ്റ്‌സിനെ ഉദ്ധരിച്ച് മആരിവ് പത്രം റിപോര്‍ട്ട് ചെയ്തു. ആക്രണം പതിവ് പോലെ അവസാനിക്കും. അതോടൊപ്പം ഇസ്രായേലികളുടെ ജീവന് ഭീഷണി ഉയര്‍ത്തുകയും വലിയ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ വിജയിച്ചെന്ന് വരുത്തി വെടിനിര്‍ത്താനുള്ള വഴിതേടുകയാണ് ഇസ്രായേലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. റോക്കറ്റാക്രമണത്തിലൂടെ തുടക്കം മുതല്‍ ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കി ഹമാസ് നേടിയ മേല്‍ക്കൈയും അവരെ അങ്കലാപ്പിലാക്കുന്നുണ്ട്. പോരാളി സംഘടനകളുടെ റോക്കറ്റാക്രമണത്തെതുടര്‍ന്ന് തെല്‍ അവീവില്‍ ഉള്‍പ്പെടെ ജറുസലേം ദിന പരിപാടികള്‍ റദ്ദാക്കേണ്ടി വന്നിരുന്നു.
ALSO WATCH

Most Popular