ബാങ്കോക്ക്: മോഷണത്തിന് കയറിയ വീട്ടില്‍ കള്ളന് മൂടിപ്പുതച്ച് ഉറങ്ങിയാല്‍ എങ്ങിനെ ഉണ്ടാവും, അതുമൊരു പോലിസിന്റെ വീട്ടില്‍. അത്തരത്തിലൊരു രസകരമായ സംഭവമാണ് തായ്ലന്റില് ഉണ്ടായിരിക്കുന്നത്. പോലിസ് ഉദ്യോഗസ്ഥന് ജിയാം പ്രാസര്ട്ട് രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ കണ്ടത് മകളുടെ മുറിയില്‍ ഒരാള്‍ മൂടിപ്പുതച്ച് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നതാണ്. പ്രാസര്ട്ടിന്റെ മകള്‍ വീട്ടിലുണ്ടായിരുന്നില്ല. എസി പ്രവര്‍ത്തിക്കുന്നത് കണ്ടാണ് കയറി നോക്കിയത്. ഉറങ്ങുന്നയാളെ വിളിച്ചുണര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രാസര്ട്ടിനെ തന്നെ ചിരിപ്പിച്ച സംഭവം പുറത്തുവന്നത്.
അതിത് കിന് കുന്തുണ്ട് എന്ന പേരുള്ള 22 വയസ്സുകാരനാണ് അമളി പറ്റിയ മോഷ്ടാവ്. രാത്രി രണ്ട് മണിയോടെയാണ് കുന്തുണ്ട് വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയത്. മുറിയിലെ കിടക്കയുടെ സുഖവും സൗകര്യവും കണ്ടപ്പോള്‍ അല്‍പ്പ സമയം മയങ്ങിയിട്ട് പണി തുടങ്ങാം എന്ന് കരുതി. എസി ഓണ്‍ചെയ്തിട്ട് പുതപ്പ് വലിച്ചിട്ട് കിടന്നതാണ്. എന്നാല്‍, സംഭവം പണിപാളി. ക്ഷീണത്തിലും എസിയുടെ സുഖശീതളിമയിലും ലയിച്ച് ഉറങ്ങിപ്പോയ കുന്തുണ്ട് ഉണര്‍ന്നത് രാവിലെ വീട്ടുടമായ പോലിസുകാരന് വിളിച്ചപ്പോഴാണ്.
എന്തായാലും നല്ലൊരു ഉറക്കം കഴിഞ്ഞ കുന്തുണ്ടിനെ കാത്തിരുന്നത് കൈവിലങ്ങായിരുന്നു. പ്രാസര്ട്ട് വിളിച്ചുവരുത്തിയ പോലിസുകാര്‍ കുന്തുണ്ടിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
ALSO WATCH